മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കെ ടി ജലീലിന്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജലീലിന്റെ പ്രസ്താവന ഒരു സമുദായം മാത്രം സ്വര്‍ണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളായി ചിത്രീകരിക്കുകയാണ്. ആര്‍എസ്എസ് നേതാക്കള്‍ പോലും പറയാത്ത കാര്യമാണ് ജലീല്‍ പറയുന്നതെന്നും സലാം കുറ്റപ്പെടുത്തി. അതിനിടെ പി വി അന്‍വറിന്റെ പാര്‍ട്ടി മുസ്ലിം ലീഗിനെ ബാധിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു. അന്‍വറിന്റെ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ആരും പങ്കെടുക്കില്ല. അന്‍വര്‍ നയം വ്യക്തമാക്കിയാല്‍ ആ കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും പി എംഎ സലാം പറഞ്ഞു.