കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. ജില്ലയിലെ കൊമ്മേരിയിൽ ഒരാഴ്ചയ്ക്കിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം മൂന്നുപേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. നിലവിൽ 32 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.ഇന്നലെ കൊമ്മേരിയിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേർ പങ്കെടുത്തു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനം തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു. അതേസമയം, മഞ്ഞപ്പിത്തം പടരുന്നതിൽ കൊമ്മേരി ജനകീയ സമിതിയെ പഴിചാരുകയാണ് കോർപറേഷൻ. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോർപറേഷൻറെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നൽകിയിട്ടും ഇതിൽ വീഴ്ച വരുത്തിയെന്നാണ് ആരോപണം.പ്രദേശത്തെ 4 കിണറുകളിൽ നിന്നുളള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാർഡ് കൗൺസിലർ ഉൾപ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വർഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കാതെയുള്ള കോർപറേഷൻറെ വിമർശനം.മഴക്കാല പൂർവ ശുചീകരണത്തിൻറെ ഭാഗമായി കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കാൻ കോർപറേഷൻ ജനകീയ സമിതിക്ക് സാധന സാമഗ്രികൾ നൽകിയിരുന്നു. ശുചീകരിച്ചുവെന്ന റിപ്പോർട്ട് ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ പരിശോധനയൊന്നും ഉണ്ടായില്ല. എന്തായാലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പ്രദേശത്ത് മെഡിക്കൽ ക്യാന്പ് ഉൾപ്പെടെയുളള നടപടികളുമായി മുന്നോട്ട് പോകാനാണ് കോർപറേഷൻറെ തീരുമാനം.മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും.