കോഴിക്കോട്: ബസ് സമയം തെറ്റിച്ച് ഓടി എന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ കൊലപ്പെടുത്താൻ ശ്രമിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. ബസിനകത്ത് കയറി ഡ്രൈവറെ അക്രമിക്കുകയാരുന്നു. ആക്രമണം നടത്തിയ കണ്ണൂർ മമ്പറം സ്വദേശിയായ പി കെ ഷഹീറിനെ(48) പോലീസ് കസ്റ്റഡിയിലെടുത്തു.കൊയിലാണ്ടി കോട്ടക്കൽ സ്വദേശി മീത്തലകത്ത് എം നൗഷാദിനെയാണ് ഷഹീർ വധിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ സ്വകാര്യ ആശുപതിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിർത്തിയിട്ട ബസിൽ വിശ്രമിക്കുകയായിരുന്നു നൗഷാദ്. ബസിനത്തേക്ക് കയറി വന്ന് ഷഹീർ നൗഷാദിനെ കുത്തി പരിക്കേൽപിക്കുകയായിരുന്നു. ബസിലെ കണ്ടക്ടറായ പ്രമോദ് ഷഹീറിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പിൻസീറ്റിനടിയിലെ ജാക്കി ലിവർ എടുത്തു നൗഷാദിന്റെ തലയ്ക്കടിച്ച് പ്രതി ഓടി രക്ഷപ്പെട്ടു.കഴിഞ്ഞ തിങ്കളാഴ്ച നൗഷാദ് ഓടിച്ചിരുന്ന ബസ് സമയം തെറ്റിച്ച് മുന്നിൽ പോയി എന്ന് പറഞ്ഞാണ് ഷഹീർ, നൗഷാദിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഷഹീറിനെ പോലീസ് പിടികൂടി. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.