ചെന്നൈ: മലയാളി യുവാവും യുവതിയും ട്രെയിനിടിച്ചു മരിച്ചു. ചെന്നൈയിൽ ജോലി തേടിയെത്തിയ പെരിന്തൽമണ്ണ സ്വദേശി പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുപ്പത്താറുകാരനായ മുഹമ്മദ് ഷെരീഫ്, കോഴിക്കോട് സ്വദേശി മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ഇരുപത്തെട്ടുകാരിയായ ടി.ഐശ്വര്യയുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഇവർ ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലെത്തിയത്.സ്റ്റേഷനിൽ ഇവരെ സ്വീകരിക്കനെത്തിയ സുഹൃത്ത് മുഹമ്മദ് റഫീഖുമൊത്ത് ട്രാക്ക് മുറിച്ചു കടക്കുമ്പോഴാണ് അപകടം നടന്നത്.മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.മോഹൻദാസിന്റെയും മെഡിക്കൽ കോളജ് എച്ച്ഡിഎസ് ലാബ് ടെക്നിഷ്യൻ റാണിയുടെയും മകളാണ് ഐശ്വര്യ. സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ നടത്തും. പിതാവ് ചെന്നൈ സുആദ് ട്രാവൽസ് ഉടമ കിഴക്കേതിൽ സുബൈറിന്റെയും കദീജയുടെയും മകനാണ് മുഹമ്മദ് ഷെരീഫ്. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.