തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഏജന്റ് പോർട്ടൽ ഓഫിസിലെ തീപിടുത്തതിൽ മരിച്ച പുരുഷൻ വൈഷ്ണയുടെ കാമുകൻ ബിനുവെന്നതിന് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. തീപിടുത്തത്തിൽ ഓഫീസിലെ ജീവനക്കാരിയായ വൈഷ്ണയും കൊല്ലപ്പെട്ടിരുന്നു. ബിനുവുമായി യുവതി അകന്നതിലുള്ള പകതീർക്കാനാണ് ബിനു ഓഫീസിലെത്തി മണ്ണെണ്ണയൊഴിച്ച് തീയിട്ടതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേത് തന്നെയെന്ന് ഉറപ്പിക്കണമെങ്കിൽ ശാസ്ത്രീയ പരിശോധനാ ഫലം വരണം.വൈഷ്ണയുടെ ഓഫിസിലേക്കു ബിനു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തോൾസഞ്ചിയുമായി ഓട്ടോറിക്ഷയിൽ ഓഫിസിനു സമീപം ബിനു വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. ഒരു സുഹൃത്തിനെ വിളിച്ചു പ്രതികാരം തീർക്കാൻ പോകുന്നുവെന്ന തരത്തിൽ ബിനു സംസാരിച്ചിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്. തോൾസഞ്ചിയിൽ മണ്ണെണ്ണ കാനുമായാണ് ഇയാൾ വന്നതെന്നാണു കരുതുന്നത്. കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ സാംപിൾ ശേഖരിച്ചു. ഇയാളുടെ ചില ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല.ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏജൻസി ഓഫിസിലെ ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിനു സമീപം ശിവപ്രസാദത്തിൽ വാടകയ്ക്കു താമസിക്കുന്ന വി.എസ്.വൈഷ്ണയും ഒരു പുരുഷനുമാണു മരിച്ചത്. വൈഷ്ണയുടെ കാമുകൻ ബിനു കുമാർ ആണ് മരിച്ചതെന്ന നിഗമനത്തിലേക്കാണു പൊലീസ് എത്തുന്നത്. ഇയാളുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ആണ്.സംഭവത്തിനു ശേഷം ഇയാൾ വീട്ടിൽ എത്തിയിട്ടുമില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുനിലക്കെട്ടിടത്തിന്റെ മുകൾനിലയിലെ ഓഫിസിൽ പൊട്ടിത്തെറിയോടൊപ്പം പുകയും തീയും വ്യാപിച്ചത്. സമീപത്തെ കടകളിലുണ്ടായിരുന്നവർ ഇറങ്ങിയോടി. കനത്ത പുക കാരണം ആർക്കും അടുക്കാനായില്ല. അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തിയ ശേഷമാണ് പൊലീസ് അകത്തു കയറി പരിശോധിച്ചത്. രണ്ടു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇതിലൊന്ന് വൈഷ്ണയാണെന്നു തിരിച്ചറിഞ്ഞു.ആദ്യ ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാലു വർഷം മുൻപാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയിൽ ബിനു കുമാർ താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറായ ബിനു ഉപദ്രവിക്കുന്നതു പതിവായതോടെ ഇയാളുമായും അകന്നുകഴിയുകയായിരുന്നു. ഇയാൾ ഇടയ്ക്കിടെ ഓഫിസിലെത്തി വഴക്കിടുന്നതു സംബന്ധിച്ച് ആറു മാസം മുൻപ് വൈഷ്ണ നേമം പൊലീസിൽ പരാതി നൽകിയിരുന്നു.തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ടോ എസി പൊട്ടിത്തെറിച്ചതോ ആകാമെന്ന് ആദ്യം സംശയിച്ചെങ്കിലും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അധികൃതർ നടത്തിയ പരിശോധനയിൽ വയറിങ്ങിനു തകരാറല്ലെന്നു വ്യക്തമായി. നേമം പൊലീസ് കേസെടുത്തു. ആറാം ക്ലാസിൽ പഠിക്കുന്ന മകനും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളുമാണ് വൈഷ്ണയ്ക്കുള്ളത്.