തിരുവനന്തപുരം: മുൻ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജുവാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.സിമി റോസ് ബെൽ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു. സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിലെ വനിതാ നേതാക്കൾ എഐസിസി- കെപിസിസി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സിമി റോസ്ബെൽ ജോൺ കോൺഗ്രസിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വനിതാ നേതാക്കളുടെ പരാതി.കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കൾ കെപിസിസി അധ്യക്ഷൻ കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കുമാണ് പരാതി നൽകിയത്. കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ ,പി കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെഎ തുളസി, ജെബി മേത്തർ എംപി എന്നിവരാണ് എഐസിസി – കെപിസിസി നേതൃത്വത്തെ സമീപിച്ചത്.ചുരുങ്ങിയ കാലം കൊണ്ടു കോൺഗ്രസിൽ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്ബെൽ ജോൺ പാർട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കൾ പരാതിയിൽ ആരോപിക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാർട്ടിയോട് കാണിച്ച സിമിറോസ് ബെൽ ജോണിനെ അടിയന്തരമായി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു.