ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് വർധിപ്പിച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വില മാറ്റമില്ലാതെ തുടരുന്നു.ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. അതിന് മുമ്പ് ജൂണിൽ 69.50 രൂപയും മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു. തുടർച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം വില വർധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണവില, നികുതി നയങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ സിലിണ്ടറിന്റെ വിലനിർണ്ണയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.