തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഈ മാസത്തെ പെൻഷന് പുറമേ കുടിശികയുള്ള അഞ്ചുമാസത്തിൽ ഒരുമാസത്തേത് കൂടി ചേർത്താകും വിതരണം ചെയ്യുക. രണ്ടുമാസത്തെ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ അറുപത് ലക്ഷം പെൻഷൻകാർക്ക് 3200 രൂപ വീതം ലഭിക്കും. ഈ മാസം അവസാനത്തോടെ പെൻഷൻ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ട്.അഞ്ച് മാസത്തെ കുടിശികയിൽ രണ്ട് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണന ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരുമാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ കടമെടുക്കാനാണ് ധനവകുപ്പിന്റെ നീക്കം. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം. ഓണക്കാല ചെലവുകൾക്കായി 5000 കോടിയെങ്കിലും വേണമെന്നാണ് ഏകദേശ കണക്ക്. ഡിസംബർ മാസം വരെ കേന്ദ്ര സർക്കാർ അനുവദിച്ച കടമെടുപ്പ് പരിധിയിൽ ബാക്കിയുള്ളത് 3753 കോടിയാണ്. ഇതിൽ മൂവ്വായിരം കോടി കടമെടുത്ത് ക്ഷേമ പെൻഷൻ കൊടുക്കുകയും അത്യാവശ്യ ചെലവുകൾക്ക് തുക അനുവദിച്ച് തുടങ്ങാനുമാണ് തീരുമാനം.കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ ഈ വർഷം പതിനയ്യായിരം കോടി രൂപയോളം കുറവു വന്നിട്ടുണ്ടെന്നാണ് കണക്ക്. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയവുമായി നിരന്തരം സംസാരിക്കുന്നണ്ടെന്നാണ് ധനവകുപ്പ് പറയന്നത്. ഓണക്കാല ചെലവുകൾ കടന്ന് കൂടാൻ പെൻഷൻ തുകക്ക് പുറമെ 5000 കോടിയെങ്കിലും വേണമെന്നിരിക്കെ കേന്ദ്ര സഹായം കിട്ടിയില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.