തിരുവനന്തപുരം: പ്രകൃതി താണ്ഡവമാടിയ വയനാടിന്റെ പുനരുദ്ധാരണത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ തുക പിടിക്കുന്ന സാലറി ചലഞ്ചിന് ഉത്തരവ് ഇറക്കിയിരുന്നു. ഇപ്പോഴിതാ സാലറി ചലഞ്ചിൽ സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സർക്കാർ. കൂടാതെ പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്. സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇത് വിവാദമായതോടെ ആണ് പുതിയ അറിയിപ്പ്.ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. ഇത്തരത്തിൽ കിട്ടുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി തുക നൽകണമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കി തുടങ്ങുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടി വരുമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെങ്കിലും സംഘടനാ പ്രതിനിധികൾ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു. ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്. താത്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സർക്കാർ ഉത്തരവിട്ടത്.