തിരുവനന്തപുരം: പ്രകൃതി ഭീകര താണ്ഡവമാടിയ ചൂരൽമലയെയും മുണ്ടകൈയേയും പിടിച്ചുയർത്താൻ സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സർക്കാരിന് വലിയൊരു തുക തന്നെ ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏതൊക്കെ മാർഗ്ഗത്തിലൂടെ പണം കണ്ടെത്താനാകുമെന്ന ചിന്തയിലാണ് ധനവകുപ്പ്. അതിന്റെ ഭാഗമായാണ് സർവീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.ഉരുല്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ നിർദേശമുയര്‍ന്നു. സർക്കാർ ഉടൻ ഉത്തരവ് ഇറക്കും.