ആലപ്പുഴ: മലയാളികളുടെ അഭിമാനമായ നിദ ഫാത്തിമയുടെ മരണത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെയും ആരും മോചിതരായിട്ടില്ല. പൊന്നുമോളുടെ മരണവിവരം വിമാനത്താവളത്തിൽ വെച്ചാണ് അച്ഛൻ അറിഞ്ഞത്. മകള്‍ക്കു സുഖമില്ലെന്നറിഞ്ഞ് നാഗ്പുരിലേക്കു പുറപ്പെട്ടതാണ് ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ് ഷിഹാബുദ്ദീന്‍. അത്യാസന്ന നിലയിലാണെന്നാണ് നാഗ്പുരില്‍നിന്നു ഫോണ്‍ വന്നത്.സ്‌കൂള്‍ ബസില്‍ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു വിളിയെത്തിയത്. തുടര്‍ന്ന് തിരക്കിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വിമാനം കാത്തിരിക്കുമ്പോള്‍ ടി.വി. യില്‍ ആ ബ്രേക്കിങ് ന്യൂസ് ഷിഹാബ് കണ്ടു. പൊന്നുമോള്‍ ഇനിയില്ലെന്നറിഞ്ഞ് ആ പിതാവ് പൊട്ടിക്കരഞ്ഞു. മറ്റു യാത്രക്കാരും ആ കാഴ്ചകണ്ട് കണ്ണീരണിഞ്ഞു.ആ സമയം ഇതൊന്നുമറിയാതെ വീട്ടില്‍ ടി.വി. കാണുകയായിരുന്നു നിദയുടെ മാതാവ് അന്‍സിലയും സഹോദരന്‍ മുഹമ്മദ് നബീലും. ചാനല്‍ മാറ്റുന്നതിനിടെയാണ് അവര്‍ മരണവിവരം അറിഞ്ഞത്. അതോടെ വീട്ടിലും പൊട്ടിക്കരച്ചിലായി.സ്‌കൂളിലെ യുട്യൂബര്‍ കൂടിയായിരുന്നു നിദ. ഏറെ പ്രതീക്ഷയോടെയാണ് അവള്‍ മത്സരത്തിനായി നാഗ്പുരിലേക്കു പോയത്. അമ്പലപ്പുഴ കാക്കാഴത്തിന്റെ കുട്ടിത്താരം ദേശീയ തലത്തിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ഏറെ അഭിമാനത്തിലായിരുന്നു.ആശുപത്രിയില്‍ നിദ ഫാത്തിമ മരണത്തിനു കീഴടങ്ങുമ്പോള്‍ അതറിയാതെ മൈതാനത്തായിരുന്നു സഹ കളിക്കാര്‍. മൈതാനത്തെ ഫോട്ടോകള്‍ അവര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇടുന്നുമുണ്ടായിരുന്നു. മരണവിവരമറിഞ്ഞ് കുട്ടികള്‍ വാവിട്ടു കരഞ്ഞുപോയി.സൈക്കിള്‍ പോളോയ്ക്കു കേരളത്തില്‍ രണ്ടു സംഘടനകളുണ്ട്. കേരള സൈക്കിള്‍ പോളോ അസോസിയേഷനാണ് (കെ.സി.പി.എ.) സ്‌പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമുള്ളത്. ഏതാനുംവര്‍ഷംമുമ്പ് ദേശീയ ഫെഡറേഷനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അവരുടെ നേതൃത്വത്തില്‍ ഇവിടെ സൈക്കിള്‍പോളോ അസോസിയേഷന്‍ ഓഫ് കേരള എന്ന മറ്റൊരു സംഘടനയുണ്ടാക്കി. അതുകൊണ്ടുതന്നെ ദേശീയ മത്സരങ്ങള്‍ക്ക് അവരുടെ ടീമാണു മത്സരിക്കുക. കോടതിവിധി വാങ്ങിയാണ് കെ.സി.പി.എ. പോകാറുള്ളത്.ഇത്തവണയും അങ്ങനെയാണ് ടീമിനെ അയച്ചതെന്നു സൈക്കിള്‍പോളോ ടീമിന്റെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പി. ശിവകുമാര്‍ മാതൃഭൂമിയോടു പറഞ്ഞു. ഈ ടീമിന്റെ ഭാഗമായിരുന്നു നിദ ഫാത്തിമ. ടീം അവിടെ എത്തിയപ്പോള്‍ താമസസൗകര്യം നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്ന് ശിവകുമാര്‍ ആരോപിച്ചു.30 പേരടങ്ങുന്ന സംഘത്തിന് പെട്ടെന്ന് ഒരിടത്തു താമസസൗകര്യംകിട്ടാന്‍ പ്രയാസമായതിനാല്‍ ഒരു സംഘടനയുടെ ഓഫീസും മുറികളും ഉപയോഗിക്കുകയായിരുന്നു. വിവരം പി.ടി. ഉഷ എം.പി.യെയും അറിയിച്ചു. വ്യാഴാഴ്ച രാജ്യസഭയിലെത്തുമ്പോള്‍ സ്‌പോര്‍ട്സ് മന്ത്രിയെക്കണ്ട് വിവരം ധരിപ്പിക്കാമെന്നും ആവശ്യമായ നടപടിയെടുക്കാമെന്നും ഉഷ വാഗ്ദാനം ചെയ്തിരുന്നു.വ്യാഴാഴ്ച രാവിലെ ചെറിയ അസ്വസ്ഥത തോന്നിയതോടെ മറ്റു കുട്ടികളെ ഗ്രൗണ്ടിലേക്കയച്ച് രണ്ടു കോച്ചുമാര്‍ നിദയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. തുടര്‍ന്നാണ് സ്ഥിതി വഷളായതും മരണത്തിനു കീഴടങ്ങിയതും. 25-നാണ് ടൂര്‍ണമെന്റ് സമാപിക്കുന്നത്.ഞായറാഴ്ചയാണ് സംഘം ആലപ്പുഴയില്‍നിന്നു പുറപ്പെട്ടത്. നാഗ്പുരിലെത്തിയശേഷവും മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഛര്‍ദ്ദിയും വയറുവേദയുംമൂലം നിദ പ്രയാസപ്പെടുന്നുവെന്നായിരുന്നു ഷിഹാബിനു ലഭിച്ച ആദ്യ വിവരം. അത്യാസന്ന നിലയിലാണെന്ന് പിന്നീടറിഞ്ഞപ്പോഴാണ് നാഗ്പുരിലേക്കു പുറപ്പെട്ടത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!