കല്യാണം കഴിക്കാൻ പെണ്ണുകിട്ടുന്നില്ലെന്ന പരാതിയുമായി യുവാക്കൾ. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി യുവാക്കൾ കളക്ട്രേറ്റ് മാർച്ച് നടത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ‘ബ്രൈഡ് ഗ്രൂം മോർച്ച’എന്ന സംഘടനയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.വിവാഹം ചെയ്യാൻ പെൺകുട്ടികളെ വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് അവിവാഹിതരായ നിരവധി പേരാണ് മാർച്ചിൽ പങ്കെടുത്തത്. മാർച്ചിൽ പങ്കെടുത്ത യോഗ്യരായ ബാച്ചിലർമാർക്ക് സർക്കാർ വധുവിനെ കണ്ടെത്തി നൽകണമെന്ന് മാർച്ചിൽ പങ്കെടുത്തവർ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിവാഹ വേഷങ്ങൾ ധരിച്ചും കുതിര പുറത്ത് സംഗീതത്തിന്റെ അകമ്പടിയോടെയുമാണ് യുവാക്കൾ കളക്ടറുടെ ഓഫീസിലെത്തിയത്. സ്ത്രീ പുരുഷ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.‘ആളുകൾ ഈ മാർച്ചിനെ പരിഹസിച്ചേക്കാം, എന്നാൽ സംസ്ഥാനത്ത് ആൺ-പെൺ അനുപാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം വിവാഹപ്രായമായ യുവാക്കൾക്ക് വധുവിനെ ലഭിക്കുന്നില്ല എന്നതാണ് ഭയാനകമായ യാഥാഥ്യം’-ജ്യോതി ക്രാന്തി പരിഷത്ത് സ്ഥാപകൻ രമേഷ് ബരാസ്‌കർ പറഞ്ഞു.മഹാരാഷ്ട്രയിലെ ലിംഗാനുപാതം 1000 ആൺകുട്ടികൾക്ക് 889 പെൺകുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പെൺഭ്രൂണഹത്യ കാരണമാണ് ഈ അസമത്വം നിലനിൽക്കുന്നതെന്നും ഈ അസമത്വത്തിന് സർക്കാരാണ് ഉത്തരവാദിയെന്നും ബരാസ്‌കർ ആരോപിച്ചു. സർക്കാർ പെൺ ഭ്രൂണഹത്യ തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്ത്രീകൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും സമരക്കാർ, നിവേദനത്തിൽ ആവശ്യപ്പെട്ടു.