താമരശ്ശേരി ചുരത്തിൽ നാളെ രാത്രി 8 മണി മുതൽ ഗതഗാത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 9 മണിക്ക് ശേഷം ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടില്ലെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അടിവാരത്ത് നിന്നും ഭീമൻ യന്ത്രങ്ങൾ വഹിച്ച ട്രെയ്‌ലർ ലോറികൾ ചുരം കയറുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾ ബദൽ മാർഗം സ്വീകരിക്കണമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.നിലവിൽ അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന ഇൻഡസ്ട്രിയൽ ഫിൽട്ടർ ഇന്റർ ചേംബർ കയറ്റിയ എച്ച്ജിബി ഗൂൺസ് ട്രക്കുകൾ നാളെ രാത്രി 11 മണിക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ കർണാടകയിലെ നഞ്ചൻകോട്ടിലേക്ക് കടന്നുപോകാൻ കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നൽകിയ സാഹചര്യത്തിലാണ് നിയന്ത്രണം. എഡിഎം എൻഐ ഷാജുവിന്റെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.നാളെ രാത്രി 8 മണി മുതൽ ജില്ലയിൽ നിന്നും താമരശ്ശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഈ സമയം ചുരം വഴിയുള്ള യാത്രയ്ക്ക് ബദൽ മാർഗം സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.സുൽത്താൻ ബത്തേരി ഭാഗത്ത് നിന്നും കൽപ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും ബീനച്ചി- പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകേണ്ടതാണ്. മാനന്തവാടിയിൽ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ രാത്രി 9 മണിക്ക് ശേഷം കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകേണ്ടതാണ്.ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിൽ നിന്നും തൃശ്ശൂർ, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തമിഴ്നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.രാത്രി 9 മണിക്ക് ശേഷം കൽപ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളിൽ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലൻസ് ഒഴികെ മറ്റൊരു വാഹനവും പോകാൻ അനുവദിക്കില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!