കേരളം ഇതുവരെ കാണാത്ത മഹാ ദുരന്തത്തിന് കൈത്താങ്ങായി തെലുങ്ക് താരം അല്ലു അർജുൻ. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അല്ലു അർജുൻ സംഭാവനയായി നൽകി.വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്‌പ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.