മേപ്പാടി: മകളുടെ മരണശേഷം ഉപേക്ഷിച്ച ജോലിയിലേക്ക് തിരികെ വരാൻ ദീപയെ പ്രേരിപ്പിച്ചത് വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്നവരുടെ നൊമ്പരം ആയിരുന്നു. 10 മാസം മുൻപ് ആണ് ദീപ ജോസഫിന്റെ പൊന്നോമനയായ മകൾ എയ്ഞ്ചൽ മരിയയുടെ അപ്രതീക്ഷിത മരണം. അതോടെ ആംബുലൻസ് ഡ്രൈവർ സീറ്റിൽ നിന്നും ദീപ ഇറങ്ങുകയായിരുന്നു. എന്നാൽ ചൂരൽമലയിലെ ഉരുൾപൊട്ടലിനെക്കുറിച്ചറിഞ്ഞാണു വീണ്ടും ആംബുലൻസെടുത്തത്. ഇപ്പോൾ 5 ദിവസമായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തഭൂമിയിൽ സജീവമായി പ്രവർത്തിക്കുകയാണ്.കല്ലാച്ചി വിലങ്ങാട് ഓട്ടപ്പുന്നയ്ക്കൽ ദീപ നാലര വർഷം മുൻപു കോവിഡ് കാലത്താണ് ആംബുലൻസ് ഡ്രൈവിങ്ങിലേക്കു തിരിയുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവറാണ്. സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശക്തി പുരസ്കാരമടക്കം നേടിയിട്ടുണ്ട്.10 മാസം മുൻപ് മകൾ രക്താർബുദംമൂലം മരിച്ചു. ദീപ ശാരീരികമായും മാനസികമായും തളർന്നു. ഡ്രൈവിങ് ഉപേക്ഷിച്ചു. കല്ലാച്ചിയിലെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു ചൂരൽമല ഉരുൾപൊട്ടലിനെക്കുറിച്ചു കേൾക്കുന്നത്. വടകര മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ഇ.കെ.അജീഷിന്റെ വിളി വന്നു. ആംബുലൻസും ഫ്രീസറും സംഘടിപ്പിച്ചു മേപ്പാടിയിൽ എത്തിക്കാമോ എന്നായിരുന്നു ചോദ്യം. ആശുപത്രിക്കിടക്ക വിട്ട് ആംബുലൻസെടുത്ത് മേപ്പാടിക്കു വിട്ടു. പിന്നെ വിശ്രമമില്ലാത്ത സേവനം. ആദ്യ 3 ദിവസം വണ്ടിയിൽത്തന്നെ ഉറക്കം. ഇന്നും ദുരന്തഭൂമിയിൽ സജീവമായി പ്രവർത്തിക്കുകയാണ് ദീപ .