ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താൻ കരസേന ഷിരൂരിലെത്തി. അത്യാധുനിക സംവിധാനങ്ങളുമായി 40 അംഗ സംഘമാണ് എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയിലാണ് കുടുംബം. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ.കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകിട്ടാണ് മണ്ണിനടിയില്‍ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്ന സൂചന റഡാറില്‍ നിന്നും ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തില്‍ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ഡിആര്‍ എഫ് പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്.രക്ഷാപ്രവർത്തനം വൈകുന്നതിനെതിരെ പ്രതിഷേധവുമായി അർജുന്‍റെ നാട്ടുകാർ രംഗത്തെത്തിയിരുന്നു. ആറു നാളായിട്ടും അർജുനെ കണ്ടെത്താൻ ആകാത്തത് ഗുരുതര വീഴ്ച എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. കണ്ണാടിക്കലിൽ പ്രതിഷേധ പ്രകടനവും നടന്നു. ഹൃദയം നുറുങ്ങുന്ന വേദനയിലും സമചിത്തത കൈവിടാതെ ഇന്നലെ വൈകിട്ട് വരെ മാധ്യമങ്ങളോട് പ്രതികരിച്ച അർജുൻ്റെ കുടുംബം രാത്രിയോടെ ആകെ തളർന്നതോടയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയത്.