പെരിന്തൽമണ്ണ: പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതി പരീക്ഷാ ഹാളിലെത്തി. സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയെഴുതാമെത്തിയ പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശിനി പാക്കത്ത് ഷംസീന(27) യാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മണിക്കൂറുകൾക്ക് മുമ്പ് മാത്രം ജന്മം നൽകിയ ആൺകുഞ്ഞിനെ ആശുപത്രിയിലാക്കിയാണ് ഷംസീന തുല്യതാ പരീക്ഷയെഴുതാൻ പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെത്തിയത്.വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് ഷംസീന പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. സാധാരണ പ്രസവമായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ ഭർത്താവ് ഷഫീഖിനൊപ്പം കാറിൽ സ്കൂളിലെത്തി പരീക്ഷയെഴുതി. 11.45-ന് പരീക്ഷയ്ക്കുശേഷം അരക്കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് മടങ്ങി.രാവിലെ ക്ലാസ് കോഡിനേറ്ററും സാക്ഷരതാമിഷൻ പെരിന്തൽമണ്ണ ബ്ലോക്ക് പ്രേരകുമായ എൻ. രമാദേവിയെ പരീക്ഷയെഴുതാനുള്ള ആഗ്രഹമറിയിച്ചു. ഗർഭിണിയായി എട്ടാം മാസംവരെയും ക്ലാസിലെത്തിയ ഷംസീനയുടെ ആഗ്രഹം നിറവേറ്റാൻ രമാദേവി മുന്നിട്ടിറങ്ങി. പരീക്ഷാകേന്ദ്രമായ പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽ ലതയുമായി സംസാരിച്ച് താഴത്തെ നിലയിൽ സൗകര്യമൊരുക്കി. കഴിഞ്ഞയാഴ്ചയിലെ മൂന്നു പരീക്ഷകൾ നാലാം നിലയിലെ ക്ലാസ്‌മുറിയിലാണ് എഴുതിയത്.ആശുപത്രിയിൽ കുഞ്ഞിനെ തന്റെ മാതാവ് റെയ്ഹാനത്തിനെ ഏൽപ്പിച്ചാണ് ഷംസീന പരീക്ഷയെഴുതാൻ പോയത്. ഷംസീനയുടെ മനസ്സിനൊപ്പംനിന്നതുപോലെ മടങ്ങിയെത്തുവോളം കുഞ്ഞ് സ്വസ്ഥമായുറങ്ങി. പ്രസവപ്പിറ്റേന്ന് പുറത്തുപോകുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഡോക്ടർ അറിയിച്ചെങ്കിലും നിർബന്ധത്തിനു മുന്നിൽ സമ്മതം മൂളുകയായിരുന്നു. കുടുംബാംഗങ്ങളും പിന്തുണച്ചു.പ്ലസ് ടു ഹ്യുമാനിറ്റീസ് വിഭാഗത്തിൽ രണ്ടാംവർഷ പരീക്ഷകളാണ് എഴുതുന്നത്. ശനിയും ഞായറും ബാക്കിയുള്ള പരീക്ഷകൾകൂടി എഴുതാനുള്ള ഒരുക്കത്തിലാണിവർ. ദമ്പതിമാർക്ക് മൂത്തത് രണ്ട് പെൺമക്കളാണ്.