ഒരു വ്യാഴവട്ടത്തിന് ശേഷം സ്പെയിൻ യൂറോ കപ്പ് ഫൈനലിലെത്തുന്നത് എല്ലാ മത്സരങ്ങളും വിജയിച്ച്. ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച സ്പെയിൻ ഇതിന് മുമ്പ് 2012 ലായിരുന്നു യൂറോ കപ്പ് ഫൈനലിൽ മത്സരിച്ചത്. അന്ന് കപ്പുമായാണ് സ്പെയിൻ കളിക്കളം വിട്ടത്. ഇക്കുറി ടൂർണമെന്റിൽ ഇതുവരെ കളിച്ച ആറ് മത്സരങ്ങളിലും വിജയം കണ്ട ആത്മവിശ്വാസവുമായാണ് സ്പെയിൻ ഫൈനലിന് ഇറങ്ങുക. യൂറോയിൽ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്.യൂറോ കപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് സ്‌പെയിനിന്റെ ഫൈനൽ പ്രവേശനം. ഒമ്പതാം മിനിറ്റിൽ കോലോ മുവാനിയിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെതിരേ ലമിൻ യമാലിലൂടെയും ഡാനി ഓൽമോയിലൂടെയും സ്‌പെയിൻ തിരിച്ചടിക്കുകയായിരുന്നു. മാസ്‌ക് മാറ്റിയിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതർലൻഡ്‌സ് – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച രാത്രി ബെർലിനിൽ നടക്കുന്ന ഫൈനലിൽ സ്‌പെയിൻ നേരിടും.ജർമനിക്കെതിരായ ക്വാർട്ടർ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് സ്‌പെയിൻ ഇറങ്ങിയത്. സസ്പെൻഷൻ കാരണം പുറത്തിരിക്കുന്ന റൈറ്റ് ബാക്ക് ഡാനി കാർവഹാലിനും സെന്റർ ബാക്ക് റോബിൻ ലെ നോർമൻഡിനും പകരം ജെസ്യൂസ് നവാസും നാച്ചോയുമെത്തി. മധ്യനിരയിൽ പരിക്കേറ്റ പെഡ്രിക്ക് പകരം ഡാനി ഒൽമോ ഇറങ്ങി. ഫ്രഞ്ച് ടീമിൽ സസ്പെൻഷൻ കഴിഞ്ഞ് അഡ്രിയൻ റാബിയോട്ട് തിരിച്ചെത്തിയപ്പോൾ അന്റോയിൻ ഗ്രീസ്മാന് പകരം ഉസ്മാൻ ഡെംബലെയും ആദ്യ ഇലവനിൽ ഇടംനേടി.കളിയുടെ തുടക്കം മുതൽ പതിവുപോലെ സ്‌പെയിൻ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. മൂന്നാം മിനിറ്റിൽ തന്നെ ഫ്രഞ്ച് ബോക്‌സ് വിറപ്പിച്ച സ്പാനിഷ് മുന്നേറ്റമെത്തി. പിന്നാലെ അഞ്ചാം മിനിറ്റിൽ ലമിൻ യമാലിന്റെ ക്രോസിൽ നിന്ന് മുന്നിലെത്താനുള്ള അവസരം ഫാബിയാൻ റൂയിസ് പുറത്തേക്കടിച്ചുകളഞ്ഞു.പിന്നാലെ ഫ്രാൻസിന്റെ ഗോളെത്തി. കളിയുടെ ഗതിക്ക് വിപരീതമായിട്ടായിരുന്നു മത്സരത്തിലെ ആദ്യ ഗോളിന്റെ പിറവി. ഒമ്പതാം മിനിറ്റിൽ ബോക്‌സിന്റെ ഇടതുഭാഗത്തു നിന്ന് സമയമെടുത്ത് കിലിയൻ എംബാപ്പെ ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ കോലോ മുവാനി വലയിലാക്കുകയായിരുന്നു. ഇത്തവണത്തെ യൂറോയിൽ ഓപ്പൺ പ്ലേയിൽനിന്ന് ഫ്രാൻസ് നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.എന്നാൽ ഗോൾവീണതോടെ സ്പാനിഷ് ആക്രമണങ്ങൾക്ക് മൂർച്ചയേറി. 21-ാം മിനിറ്റിൽ കിടിലൻ ഷോട്ടിലൂടെ 16-കാരൻ ലമിൻ യമാൽ സ്‌പെയിനിനെ ഒപ്പമെത്തിച്ചു. പെനാൽറ്റി ഏരിയക്ക് പുറത്ത് ഫ്രഞ്ച് ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് യമാൽ തൊടുത്ത ഇടംകാലനടി ഫ്രഞ്ച് പോസ്റ്റിലിടിച്ച ശേഷം വലയിൽ കയറുകയായിരുന്നു. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററെന്ന നേട്ടവും സ്‌പെയിനിന്റെ യുവതാരം സ്വന്തമാക്കി.ഗോളടിച്ചിട്ടും തുടർന്ന സ്പാനിഷ് ആക്രമണങ്ങൾ 25-ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. ഒരു മുന്നേറ്റത്തിനൊടുവിൽ വലതുഭാഗത്തുനിന്ന് ജെസ്യുസ് നവാസ് നൽകിയ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഫ്രഞ്ച് താരം വില്യം സാലിബയിൽ നിന്ന് പന്ത് ബോക്‌സിൽ ഡാനി ഓൽമോയുടെ പക്കൽ. വെട്ടിത്തിരിഞ്ഞ് ഓൽമോ അടിച്ച പന്ത് തടയാൻ യൂൾസ് കുൺഡെ കാലുവെച്ചിട്ടും ഫലമുണ്ടായില്ല. പന്ത് വലയിൽ. ഇത്തവണത്തെ യൂറോയിൽ താരത്തിന്റെ മൂന്നാം ഗോൾ.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ തിരിച്ചടിച്ച് ഒപ്പമെത്താനുള്ള വ്യഗ്രതയിലായിരുന്നു ഫ്രാൻസ്. വിങ്ങുകളിലൂടെ ഫ്രഞ്ച് നിര തുടർച്ചയായി സ്പാനിഷ് ഗോൾമുഖം ആക്രമിച്ചുകൊണ്ടിരുന്നു.58-ാം മിനിറ്റിൽ പേശീവലിവ് അനുഭവപ്പെട്ട ജെസ്യൂസ് നവാസിന് പകരം സ്‌പെയിനിന് ഡാനി വിവിയനെ ഇറക്കേണ്ടിവന്നു. ഇതോടെ നാച്ചോയ്ക്ക് തന്റെ സെന്റർ ബാക്ക് പൊസിഷനിൽ നിന്ന് വലതുവിങ്ങിലേക്ക് മാറേണ്ടിവന്നത് സ്‌പെയിനിന്റെ പ്രതിരോധത്തെ ബാധിച്ചു. പിന്നാലെ എഡ്വാർഡോ കമവിംഗ, അന്റോയ്ൻ ഗ്രീസ്മാൻ, ബ്രാഡ്‌ലി ബാർക്കോള എന്നിവരെ ഇറക്കി ഫ്രാൻസ് ആക്രമണം ശക്തമാക്കുകയും ചെയ്തു. തുടർച്ചയായി ഫ്രഞ്ച് ആക്രമണങ്ങളെത്തിയതോടെ സ്‌പെയിൻ ഇടയ്ക്ക് പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു.എംബാപ്പെയും ഡെംബലെയും ബാർക്കോളയുമെല്ലാം തുടർച്ചയായി സ്‌പെയിൻ ബോക്‌സിലേക്ക് ഇരച്ചെത്തിയതോടെ പ്രതിരോധിക്കാൻ സ്പാനിഷ് പ്രതിരോധം ബുദ്ധിമുട്ടി. 86-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ എംബാപ്പെയ്ക്ക് ലക്ഷ്യം കാണാനുമായില്ല. എന്നാൽ മികച്ച പ്രതിരോധമുയർത്തിയ സ്‌പെയിൻ ഫ്രഞ്ച് പടയെ പിടിച്ചുകെട്ടി ഫൈനലിലേക്ക് മുന്നേറി.