കോഴിക്കോട്: കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിന്‍റെ പേരില്‍ തിരുവമ്പാടിയില്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നടപടിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് പറഞ്ഞു. രാഴ്ചയ്ക്കകം മറുപടി നൽകാൻ ആണ് കെഎസ്ഇബിക്ക് നോട്ടീസ്. സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് അജ്മലിന്റെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. അഞ്ചാം തീയതി വൈദ്യുതി വിച്ഛേദിക്കാൻ എത്തിയപ്പോൾ കയ്യേറ്റം ചെയ്തെന്നാണ് പരാതി. അതിനിടെ കുടുംബത്തിന് നേരെയുണ്ടായത് മനുഷ്യാവകാശ ലംഘനം ആണെന്നാരോപിച്ചു നാട്ടുകാരും മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.ഇന്നലെ രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ബുദ്ധിമുട്ടിലായ അജ്മലിന്റെ മാതാപിതാക്കൾ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചിരുന്നു.. പ്രതിഷേധത്തിനിടയിൽ കുഴഞ്ഞുവീണ വീണ പിതാവ് റസാക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കൾ വീടിന്റെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ് .വൈദ്യുതി പുനഃസ്ഥാപിക്കും വരെ വീട്ടിലേക്ക് കയറില്ലെന്ന് മാതാവ് മറിയം പറഞ്ഞു. സംഭവത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് വൈകുന്നേരം കെ.എസ്.ഇ.ബി ഓഫീസിൽ റാന്തൽ കത്തിച്ചു പ്രതിഷേധിക്കും.