ആലപ്പുഴ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പ്രതി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽനിന്ന് പോലീസുകാരെ കബളിപ്പിച്ച് കടന്നുകളഞ്ഞു. പ്രതി തിരുവനന്തപുരം നെടുമ്പ്രം കണ്ണാറച്ചിറ വിഷ്ണു ഉല്ലാസിനായി അന്വേഷണം ഊർജിതമാക്കി. ആലപ്പുഴ സൗത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവം നടന്നത് രാത്രിയായതിനാൽ ഇയാളുടെ നീക്കങ്ങളോ ആവശ്യത്തിനുള്ള ദൃശ്യങ്ങളോ പോലീസിനു ലഭിച്ചിട്ടില്ല.വ്യാഴാഴ്ച രാത്രി തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ആലപ്പുഴയിലേക്ക് കൊച്ചുവെളി എക്സ്‌പ്രസിലാണ് പ്രതിയുമായി രണ്ടു പോലീസുകാർ എത്തിയത്. ശൗചാലയത്തിൽ പോകണമെന്നാവശ്യപ്പെട്ടതിനെത്തുടർന്ന് ഇരുകൈകളും ബന്ധിച്ചിരുന്ന വിലങ്ങ് അഴിച്ചുവിട്ടു. ശൗചാലയത്തിലെ ജനാലവഴി ചാടി ഇയാൾ രക്ഷപ്പെട്ടു. രാമങ്കരി കോടതിയിലെ ഒരു കേസിൽ ഹാജരാക്കുന്നതിനാണ് പ്രതിയെ കൊണ്ടുവന്നത്.ഇയാൾ ഒട്ടേറ ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. മുൻപ്‌ രണ്ടുതവണ ജയിൽചാടി രക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന്‌ അലംഭാവമുണ്ടായെന്നാണു വിലയിരുത്തൽ.പ്രതി ഒരു കൈയിലെ വിലങ്ങുമായാണ് സഞ്ചരിക്കുന്നത്. ഇതൊളിപ്പിക്കാൻ എന്തെങ്കിലുംകൊണ്ടു മറച്ചിരിക്കാമെന്ന് പോലീസ് പറയുന്നു. വരുംദിവസങ്ങളിൽ അന്വേഷണം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.പ്രവേശിപ്പിച്ചത് സ്ത്രീകളുടെ ശൗചാലയത്തിൽപ്രതിയെ റെയിൽവേ സ്റ്റേഷനിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് കയറ്റിയതെന്നു പറയുന്നു. ഇതിന്റെ വാതിൽ ഇപ്പോഴും അകത്തുനിന്നുപൂട്ടിയ നിലയിലാണ്. ഈ ശൗചാലയത്തിന്റെ ജനലിലൂടെയാണ് പ്രതി കടന്നുകളഞ്ഞത്.വളരെ നിസ്സാരമായി മാറ്റാവുന്ന ചില്ലിന്റെ ജനാലപ്പാളികളാണ് ഇതിലുള്ളത്.സമീപത്തായി ജനാലകളില്ലാത്ത പുരുഷൻമാരുടെ ശൗചാലയമുണ്ടായിട്ടും എന്തുകൊണ്ട് സ്ത്രീകളുടെ ശൗചാലയത്തിൽ ഇയാൾ കയറിയെന്നതു ദുരൂഹമാണ്. ജനലുള്ളത് ഇതിൽ മാത്രമാണെന്ന് പ്രതിക്ക് അറിയുമായിരുന്നെന്നാണു സൂചന. എങ്കിൽ ഇതു ശ്രദ്ധിക്കാതിരുന്ന പോലീസുകാർക്ക് വലിയ വീഴ്ചപറ്റിയെന്നാണ് ആരോപണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!