ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഹത്രാസ് സന്ദർശിക്കും. ആൾദൈവം സംഘടിപ്പിച്ച സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കാനാണ് രാഹുൽ ഹത്രാസിലെത്തുന്നത്. റോഡ് മാർഗമാകും മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധി ഹത്രാസ് സന്ദർശിക്കുക. സ്വയം പ്രഖ്യാപിത ദൈവമായ ‘ഭോലെ ബാബ’ എന്ന നാരായൺ സാകർ ഹരി സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ ദുരന്തത്തിൽ 121 പേർ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.പരിപാടിയുടെ സംഘാടക സമിതിയുമായി ബന്ധമുള്ള ആറ് പേരെ ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു . മാനേജ്‌മെൻ്റിലും സുരക്ഷാ പ്രോട്ടോക്കോളുകളിലും ഗുരുതരമായ വീഴ്ചയാണ് പോലീസിൻ്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഹത്രാസ് അപകടത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ ഐജി ശലഭ് മാത്തൂർ പറഞ്ഞു. ഇയാൾക്കെതിരെ കോടതിയിൽ നിന്ന് ജാമ്യമില്ലാ വാറണ്ട് ഉടൻ പുറപ്പെടുവിക്കും. ആവശ്യമെങ്കിൽ ഭോലെ ബാബയെ ചോദ്യം ചെയ്യുമെന്നും ഐജി പറഞ്ഞു. ബാബയുടെ പങ്ക് പുറത്തുവന്നാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കും.എഫ്ഐആറിൽ ഭോലെ ബാബയുടെ പേരില്ലെങ്കിലും ഇയാളുടെ ക്രിമിനൽ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അദ്ദേഹത്തിൻ്റെ അനുയായികൾ എല്ലാ നഗരങ്ങളിലും ഉണ്ട്. അതിനാൽ പല നഗരങ്ങളിലും പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ബാബ തൻ്റെ ജോലിയിൽ നിന്ന് വിആർഎസ് എടുത്തിരുന്നു. ഇതിൽ ഭരണപരമായ അനാസ്ഥ ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കും.