കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് കണ്ടെത്തിയത് ന്യൂ മാഹി പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ്. അതിനിടെ പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിയത് ഏറുപടക്കമാണെന്ന് പോലീസ് പറയുമ്പോഴും ഇത് ആരാണ് പൊട്ടിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങൾക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു.അതേസമയം ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.ഇതിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബോംബ് കണ്ടെത്തിയത്. കൂത്തുപറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തെരച്ചിൽ നടത്തിയത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!