തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായി ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുക്കും. 500 പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മന്ത്രി കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കേളുവിന് മന്ത്രിസഭയിലേക്ക് വഴിതെളിഞ്ഞത്.വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രിയാണ് ഒആർ കേളു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധി കൂടിയാണ് കേളു.കെ രാധാകൃഷ്ണനിൽ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോൾ പട്ടികജാതി ക്ഷേമവകുപ്പ് മാത്രം കേളുവിന് നൽകിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒആർ കേളുവിന് ദേവസ്വം നൽകാത്തത് തെറ്റായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വിഎൻ വാസവനും പാർലമെന്ററി കാര്യം എംബി രാജേഷിനുമാണ് നൽകിയത്.