കൊച്ചി: സൈക്കിൾ മോഷണം പോയെന്ന പരാതിയെത്തുടർന്ന് അവന്തിക എന്ന വിദ്യാർത്ഥിനിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സർപ്രൈസ് സമ്മാനമായി നൽകിയ സൈക്കിളും കള്ളൻ മോഷ്ടിച്ചു. തന്റെ ആദ്യ സൈക്കിൾ മോഷണം പോയി, സഹായിക്കണം എന്നഭ്യർത്ഥിച്ചാണ് പാലാരിവട്ടം സ്വദേശിനി അവന്തിക മന്ത്രിക്ക് ഇ-മെയില്‍ അയച്ചത്. തുടർന്ന് ജൂൺ രണ്ടിന് സ്കൂൾ പ്രവേശനോത്സവ പരിപാടിക്കിടെയാണ് മന്ത്രി സര്‍പ്രൈസ് ആയി സൈക്കിള്‍ സമ്മാനിച്ചത്. എന്നാലിപ്പോൾ ആ സന്തോഷം വീണ്ടും ദുഖത്തിന് കാരണമായി മാറിയിരിക്കുകയാണ്.വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു മോഷണം. സമീപത്തെ വീട്ടില്‍ നിന്ന് ലഭിച്ച സിസിടിവിയില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. റെയിന്‍കോട്ട് ധരിച്ചെത്തിയ കള്ളന്റെ ചിത്രം പക്ഷെ വ്യക്തമല്ല. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മോഷണ വിവരം അറിയുന്നതെന്ന് അവന്തിക പറയുന്നു.താമസം ഒന്നാം നിലയിലായതിനാല്‍ താഴെ കാര്‍ പോര്‍ച്ചിലായിരുന്നു സൈക്കിള്‍ സൂക്ഷിച്ചിരുന്നത്. ലോക്ക് ചെയ്ത് വെച്ചിരുന്ന സൈക്കിളിനൊപ്പം മൂന്ന് സ്‌കൂട്ടറുകളുമുണ്ടായിരുന്നു എന്നാല്‍ കള്ളന്‍ സൈക്കിള്‍ മാത്രമാണ് കൊണ്ടു പോയത്. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.