തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെൻറ് റാക്കറ്റിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം. മ്യാൻമർ-തായ്‌ലൻഡ് അതിർത്തി മേഖല കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നുള്ള യുവതി യുവാക്കളെ ലക്ഷ്യം വെച്ചുള്ള വ്യാജ റിക്രൂട്ട്മെൻറ് നടക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെൻറ് ആധികാരികത ഉറപ്പുവരുത്തണമെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു.നേരത്തെ കഴിഞ്ഞ രണ്ട് വർഷങ്ങളി‌ൽ ഒന്നിലധികം തവണ സമാനമായ മുന്നറിയിപ്പുകൾ വിദേശകാര്യ മന്ത്രാലയം നൽകിയിരുന്നു. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ (Myawaddy)സജീവമായ അന്താരാഷ്ട്ര കുറ്റകൃത്യ സംഘങ്ങൾ വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യൻ പൗരന്മാരെ ഇരകളാക്കുന്ന സംഭവങ്ങൾ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയില്‍ നിന്നും മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്തതിന് ശേഷം തായ്‌ലൻഡ് വഴി മ്യാവഡിക്ക് തെക്ക് ഭാഗത്തുള്ള എച്ച്‌പാ ലു (Hpa Lu) പ്രദേശത്തേയ്ക്ക് കടത്തിയ സംഭവങ്ങളാണ് ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്തത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴിൽ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഏത് അന്വേഷണത്തിനും യാംഗൂണിലെ ഇന്ത്യന്‍ എംബസിയുമായി cons.yangon@mea.gov.in എന്ന ഇമെയിൽ വഴിയും മൊബൈൽ നമ്പർ +9595419602 (WhatsApp/Viber/Signal) വഴിയും ബന്ധപ്പെടാവുന്നതാണ്.വിദേശ തൊഴിൽതട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ നോര്‍ക്ക റൂട്ട്സ്, കേന്ദ്ര വിദേശകാര്യമന്ത്രാലയം, കേരളാ പോലീസ് എന്നിവയുടെ സംയുക്ത സംവിധാനമായ ഓപ്പറേഷന്‍ ശുഭ യാത്രായില്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!