തൃശ്ശൂർ: ആശുപത്രിയിൽ കിടന്ന ആംബുലൻസുമാറ്റി മുങ്ങി രോഗി. തൃശൂർ ജനറൽ ആശുപത്രിയുടെ മുന്നിൽക്കിടന്ന 108 ആംബുലൻസ് ആണ് ഡ്രൈവറുടെ കണ്ണ് വെട്ടിച്ച് പതിനാലുകാരൻ എടുത്ത് ഓടിച്ചത്. കിലോമീറ്ററുകളോളം ഓടിച്ച വണ്ടി ഓഫായതോടെ പയ്യൻ പുറത്തിറങ്ങി. അസ്വാഭാവികത തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. അപ്പോഴേക്കും പിന്തുടർന്ന് ആംബുലൻസ് ഡ്രൈവറും മറ്റുമെത്തി. കുട്ടിയെ പിന്നീട് മാതാപിതാക്കൾക്കൊപ്പം വിട്ടു.തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു നാടകീയ സംഭവം. പനിയും രക്താണുക്കളുടെ കുറവുമായി നാലുദിവസമായി ജനറൽ അശുപത്രിയിൽ ചികിത്സയിലായിരുന്നു പത്താംക്ലാസുകാരൻ. ആശുപത്രി ജീവനക്കാരിയുടെ മകനാണ്. മകനെ കാണാതെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ആംബുലൻസിൽ കയറി ഓടിച്ചുപോയതായി അറിയുന്നത്. ഡ്രൈവർ തൃശ്ശൂർ സ്വദേശി പൈനാടത്ത് ബിജോ താക്കോൽ വാഹനത്തിൽത്തന്നെ വെച്ച് പുറത്തിറങ്ങിയ സമയത്താണ് ‘തട്ടിയെടുക്കൽ’.ആശുപത്രിയിൽനിന്ന്‌ നേരെ ഒല്ലൂർ റോഡിലേക്കാണ് കയറിയത്. ഒല്ലൂർ സെന്ററിൽ എത്തിയശേഷം വലത്തോട്ടുതിരിഞ്ഞ് റെയിൽവേസ്റ്റേഷൻ റോഡിലേക്കു കയറി. തുടർന്ന് റെയിൽവേ ക്രോസ് മറികടന്നു. ഇതു കഴിഞ്ഞുള്ള വളവിലാണ് വാഹനം ഓഫായത്. തള്ളി സഹായിക്കാനായി നാട്ടുകാർ എത്തി. രണ്ടു തവണ തള്ളിയിട്ടും വാഹനം സ്റ്റാർട്ട് ചെയ്യാനായില്ല. തുടർന്നാണ് നാട്ടുകാർക്ക് സംശയം തോന്നുന്നത്. കൈയിൽ ഡ്രിപ്പ് കയറ്റിയതിന്റെ സൂചി സംശയം വർധിപ്പിച്ചു. ഇത്രയുമായപ്പോഴേക്കും ആംബുലൻസ് അധികൃതർ സ്ഥലത്തെത്തുകയും ചെയ്തു.4.15-നാണ് ആംബുലൻസ് വളവിലെത്തുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഒല്ലൂർ പോലീസ് സ്ഥലത്തെത്തി. കുട്ടിയെയും ആംബുലൻസും സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് ആംബുലൻസ് തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.ഒരു രോഗിയെ ആശുപത്രിയിലെത്തിച്ച് വെള്ളമെടുക്കാനായി പോയപ്പോഴാണ് ആംബുലൻസ് കാണാതായതെന്നാണ് ഡ്രൈവർ പറയുന്നത്. എവിടെ എന്നറിയാൻ ജി.പി.എസ്. സഹായം തേടി. ഒല്ലൂർ ഭാഗത്തേക്കാണ് വാഹനം പോയിക്കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായി. ഇതോടെ തൊട്ടടുത്തുള്ള ആംബുലൻസിന്റെ സഹായം തേടി. ഇവർ ഉടനെതന്നെ അടുത്തെത്തുകയായിരുന്നു.ആംബുലൻസ് കാണാതായ സംഭവത്തിൽ ഡ്രൈവർ ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. അനുവാദം കൂടാതെ ആംബുലൻസ് കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്നു. മണിക്കൂറുകളോളം ആംബുലൻസ് കുട്ടിയുടെ കൈവശമായിരുന്നുവെന്നും പരാതിയിൽ പറയുന്നു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!