കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ മൂന്നു മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് കുണ്ടടുക്കം സ്വദേശി രഞ്ജിത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്ഥിരീകരിച്ചു. 25 മലയാളികൾ മരിച്ചതായി തിരിച്ചറിഞ്ഞു.ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭൂനാഥ് റിചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫൻ ഏബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, പി.വി.മുരളീധരൻ, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, റെയ് മണ്ട് മഗ് പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവരുടെ മറ്റു വിവരങ്ങൾ പുറത്തുവരുന്നതെയുള്ളൂ.ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ–+965-65505246. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.മംഗഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. തീ പിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. അപകടം നടന്നത് രാവിലെ ആയതും മരണ സംഖ്യ ഉയരാൻ കാരണമായി. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. കെട്ടിടത്തിൽനിന്നു ചാടിയവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണ്.