സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കാനിരിക്കെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇന്നലെയാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റിയെന്ന തരത്തിൽ തലക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ മൂന്നിനല്ല എന്ന നിലയിൽ വാട്സാപ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, കേരളത്തിലെ സ്കൂളുകൾ തുറക്കുന്നത് മാറ്റിവച്ചുള്ള ഒരുത്തരവും ഇതുവരെയും ഇറങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. മറിച്ച് തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് മാറ്റിവച്ചത് സംബന്ധിച്ച വാർത്തകളാണ് ഇന്നലെ മലയാളം മാധ്യമങ്ങളിൽ വന്നത്. വാർത്തയിൽ അക്കാര്യം വ്യക്തമായി പറയുന്നുണ്ടെങ്കിലും തലക്കെട്ടിൽ പറയാതിരുന്നതാണ് തെറ്റിദ്ധാരണ പരക്കാൻ ഇടയായത്.കേരളത്തിൽ ജൂൺ മൂന്നിന് തന്നെയാണ് സ്കൂളുകൾ തുറക്കുന്നത്. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറെ പ്രതീക്ഷ. പ്രവേശനോത്സവത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ. വിപുലമായ പരിപാടികളാണ് ഓരോ സ്കൂളുകളും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുന്നത്.തമിഴ്നാട്ടിൽ നേരത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂൺ ആറിനായിരുന്നു. എന്നാൽ, കനത്ത ചൂട് കാരണം എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി തമിഴ്നാട് വിദ്യാഭ്യാസ ഡയറക്‌ടർ അറിവൊലി ഉത്തരവിറക്കുകയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ചൂടിനെ തുടർന്ന് സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് മാറ്റി. പി എം കെ സ്ഥാപകൻ ഡോ. എസ് രാമദാസ്, ടി എം സി (എം) പ്രസിഡന്റ് ജി കെ വാസൻ തുടങ്ങിയ നേതാക്കൾ സ്കൂൾ തുറക്കുന്നത് നീട്ടണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.അതിനിടെ, തമിഴ്‌നാട്ടിലെ ഏഴായിരത്തോളം സ്വകാര്യ സ്‌കൂളുകളിൽ 20 ശതമാനം സ്‌കൂളുകളുടെ അംഗീകാരം വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുതുക്കിയിട്ടില്ല. വിവിധ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയാണ് 1500 സ്‌കൂളുകളുടെ അംഗീകാരം പുതുക്കാത്തത്. സ്വകാര്യ സ്കൂളുകൾ കെട്ടിട ലൈസൻസ്, ഫയർ സർട്ടിഫിക്കറ്റ്, ശുചിത്വ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി മൂന്ന് വർഷത്തിലൊരിക്കൽ അംഗീകാരം പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കണം.സ്‌കൂൾ കെട്ടിടങ്ങൾക്ക് ഡയറക്‌ടറേറ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിന്റെ (ഡിടിസിപി) അല്ലെങ്കിൽ ലോക്കൽ പ്ലാനിംഗ് അതോറിറ്റിയുടെ (എൽപിഎ) റെഗുലറൈസേഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് 2016ൽ നിർബന്ധമാക്കിയിരുന്നു. സ്‌കൂളുകളുടെ അംഗീകാരം പുതുക്കുന്നതിനായി സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് ഈ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. എന്നാൽ, 20 – 30 വർഷം മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതത്തോടെ നിർമിച്ച ആയിരക്കണക്കിന് സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് ഡിടിസിപിയിൽ നിന്നോ എൽപിഎയിൽ നിന്നോ സർട്ടിഫിക്കറ്റ് നേടാനായില്ല. ഇതുകാരണമാണ് അംഗീകാരം അനിശ്ചിതത്വത്തിലായത്.