ദുബായ്: ശമ്പളം പോലും നൽകാതെ തൊഴിലുടമ മുങ്ങിയതോടെ ദുബായിൽ മൂന്നൂറിലേറെ പ്രവാസികൾ ദുരിതത്തിൽ. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡി െഎപി) ഒന്നിലെ മാർബിൾ–വൂഡ് കമ്പനിയുടെ ഉടമകളാണ് ആരോടും പറയാതെ യുഎഇയിൽ നിന്നും പോയത്. മൂന്നു ലബനീസ് പൗരന്മാരാണ് ഈ കമ്പനിയുടെ ഉടമകൾ. മലയാളികൾ ഉൾപ്പെടെ മുന്നൂറിലേറെ ജീവനക്കാർ കമ്പനിയിലുണ്ട്. ജീവനക്കാർക്ക് എട്ടുമാസത്തെ ശമ്പളം നൽകാതെയാണ് ഉടമകൾ സ്ഥലംവിട്ടത്.കമ്പനി പ്രവർത്തന രഹിതമായെങ്കിലും ഓഫിസ് ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ജബൽ അലി വ്യവസായ മേഖലയിലെ ക്യാംപിൽ താമസിക്കുന്ന തൊഴിലാളികൾ എല്ലാ ദിവസവും ഓഫിസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്. ശമ്പള കുടിശിക എത്രയും പെട്ടെന്ന് കൊടുത്തു തീർക്കണമെന്ന് കോടതി നിർദേശമുണ്ടായിട്ടും ഉടമകളും അധികൃതരും യാതൊരു നീക്കവും നടത്തുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.ആലപ്പുഴ സ്വദേശി ശശി പിള്ള, കണ്ണൂർ സ്വദേശി മുസ്തഫ, പാലക്കാട് സ്വദേശി അലി, തൃശൂർ സ്വദേശികളായ ഷംസീർ, വിജയൻ, റിജു കൊല്ലം, കോഴിക്കോട് സ്വദേശികളായ ഷിബു, ഷിനോജ് തുടങ്ങിയവരടക്കം പതിനഞ്ചോളം മലയാളികളാണ് കൂട്ടത്തിലുള്ളത്. ബാക്കിയുള്ളവരെല്ലാം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാരുമാണ്. ഇവരിൽ പലരുടെയും വീസ കാലാവധി കഴിഞ്ഞു. പാസ്പോർട് കാലാവധി കഴിഞ്ഞവരും കൂട്ടത്തിലുണ്ട്. ചിലർക്ക് ബാങ്ക് മുഖേനയല്ലാതെ നേരിട്ടായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. ഇവർക്ക് ഇനിയത് തെളിയിക്കാനുള്ള അവസരവും ഇല്ലാതായിരിക്കുന്നുവെന്ന് ശശി പിള്ള പറഞ്ഞു.25 മുതൽ 30 വർഷം വരെ ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ് എല്ലാവരും. ആദ്യം കമ്പനിയുടെ ലേബർ ക്യാംപിലായിരുന്നു എല്ലാവരും താമസിച്ചിരുന്നത്. കമ്പനിയിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ എല്ലാവരെയും മറ്റൊരിടത്ത് താമസിപ്പിച്ചു. ഒരു മുറിയിൽ നാലു മുതൽ ആറു പേരായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, താമസിയാതെ ക്യാംപിന്റെ വാടക അടയ്ക്കാത്തതിനാൽ ഒഴിപ്പിക്കൽ ഭീഷണിയിലായി. ഒടുവിൽ ഇൗ മാസം 31ന് താമസ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് പതിച്ചിട്ടുണ്ട്. എങ്ങോട്ട് പോകണമെന്ന് അറിയാതെ എല്ലാവരും കടുത്ത ആശങ്കയിലാണ്. ഇവരിൽ കുറേ പേർ വിവിധ രോഗങ്ങളാൽ വലയുന്നവരാണ്. മാത്രമല്ല, നാട്ടിലെ കുടുംബത്തന് നിത്യച്ചെലവിന് പോലും കാശയക്കാനാകാതെ ദുഃഖിതരുമാണ്. ഇന്ത്യൻ തൊഴിലാളികൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. അധികൃതർ ഇടപെട്ടെങ്കിൽ മാത്രമേ ഇതുവരെയുള്ള അധ്വാനത്തിന്റെ ഫലം ലഭിക്കുകയുള്ളൂ എന്ന് അവർ കരുതുന്നു.