സ്ത്രീകൾ ജോലിക്കു പോകാൻ തുടങ്ങിയതോടെയാണ് വിവാഹ മോചനങ്ങൾ വർധിച്ചതെന്ന പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം. 1.05 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് മുൻ പാക് ക്രിക്കറ്റ് താരം സയീദ് അൻവറിന്റെ പരാമർശമുള്ളത്. പാകിസ്ഥാനിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവാഹമോചനങ്ങൾ ഏകദേശം 30 ശതമാനം വർധിച്ചുവെന്നും ഇതിന് കാരണം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യമാണെന്നുമാണ് സയീദ് അൻവറിന്റെ വാദം.തൊഴിൽ മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ പ്രവേശിച്ചതോടെയാണ് രാജ്യത്ത് വിവാഹമോചനങ്ങൾ വർധിച്ചതെന്നാണ് സയീദ് അൻവർ പറയുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം കാരണം സ്ത്രീകൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വീടുകൾ നോക്കി ജീവിക്കാൻ തീരുമാനിച്ചതായും സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വീഡിയോയിൽ സയീദ് പറയുന്നുണ്ട്.‘സ്ത്രീകൾ പാകിസ്ഥാനിൽ ജോലി ചെയ്യാൻ തുടങ്ങിയതിനുശേഷം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവാഹമോചന നിരക്ക് 30 ശതമാനം വർധിച്ചു. നിന്നോടൊപ്പമുള്ള ജീവിതം നരകമാണെന്ന് ഭാര്യമാർ ഭർത്താക്കൻമാരോട് പറയുന്നു. എനിക്ക് സ്വയം സമ്പാദിക്കാം. സ്വന്തമായി ഒരു കുടുംബം നടത്താമെന്ന് ഭാര്യമാർ പറയുന്നു. ഇതൊരു മുഴുവൻ ഗെയിം പ്ലാനാണ്. നിങ്ങൾ മാർഗനിർദേശം കണ്ടെത്തുന്നില്ലെങ്കിൽ ഈ ഗെയിം പ്ലാൻ നിങ്ങൾക്ക് മനസ്സിലാകില്ല.ലോകമെമ്പാടും സമാനമായ ഒരു മാതൃക താൻ കണ്ടിട്ടുണ്ടെന്നും സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് കാരണം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ട്. ഞാൻ ലോകം ചുറ്റി സഞ്ചരിച്ചു. ഞാൻ യൂറോപ്പിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും മടങ്ങുകയാണ്. ചെറുപ്പക്കാർ കഷ്ടപ്പെടുന്നു. കുടുംബങ്ങൾ മോശമായ അവസ്ഥയിലാണ്. ദമ്പതികൾ വഴക്കിടുന്നു. സ്ത്രീകളെ പണത്തിന് വേണ്ടി ജോലി ചെയ്യിപ്പിക്കുന്നത് രാജ്യത്തിന്റെ മോശം അവസ്ഥയാണ്.’- സയീദ് അൻവർ കൂട്ടിച്ചേർത്തു.ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഒരു ഓസ്‌ട്രേലിയൻ മേയറും സമാനമായ ആശങ്കകൾ തനിക്ക് മുന്നിൽ പ്രകടിപ്പിച്ചതായും അൻവർ കൂട്ടിച്ചേർത്തു. നമ്മുടെ സമൂഹം എങ്ങനെ മെച്ചപ്പെടുമെന്ന് കെയ്ൻ വില്യംസണും നമ്മുടെ സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതിന് ശേഷം നമ്മുടെ സംസ്കാരം നശിച്ചിരിക്കുന്നുവെന്നും ഓസ്ട്രേലിയൻ മേയർ പറഞ്ഞുവെന്നും സയീദ് അൻവർ കൂട്ടിച്ചേർത്തു. അതേസമയം, വീഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.