ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ, സംസ്ഥാന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാനുള്ള കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിക്കാനാലോചിച്ച് സിപിഐഎം.കോണ്‍ഗ്രസുമായി വീണ്ടും സഖ്യത്തിലെത്താനുള്ള സാധ്യതയെ കുറിച്ചും ഇടതുപാര്‍ട്ടിയില്‍ ആലോചനകള്‍ സജീവമാണ്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സഖ്യത്തിലാണ് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസ് വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറിയിരുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പോടെ സഖ്യം പൊളിയുകയായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പോടെ വീണ്ടും ഒന്നിച്ച് മത്സരിച്ചെങ്കിലും നിരാശാജനകമായ ഫലമാണ് ഉണ്ടായത്. എന്തായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ, ഇരുപാര്‍ട്ടികളും വീണ്ടും കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.’കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ സംസ്ഥാന പതിപ്പ് പൂര്‍ണ്ണമായും ഒരു പാര്‍ട്ടി പരിപാടിയാണ്. അത് കൊണ്ട് ഞങ്ങള്‍ അതില്‍ പൂര്‍ണ്ണമായും പങ്കെടുക്കില്ല. എന്നാല്‍, അവര്‍ ഞങ്ങളെ ക്ഷണിച്ചാല്‍, ചിലപ്പോള്‍ ഞങ്ങള്‍ അതില്‍ ഭാഗമായി കൊണ്ട് മാനസികമായ പിന്തുണ നല്‍കും’, മുതിര്‍ന്ന സിപിഐഎം നേതാവ് പറഞ്ഞുപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. തൃണമൂലിനും ബിജെപിക്കുമെതിരെ പോരാടാന്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അത്യാവശ്യവുമാണ്. അതു കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്ബ്, യാത്രയുടെ ഭാഗമാവുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു. സിപിഐഎം അടക്കമുള്ള മതേതര ഇടത് പാര്‍ട്ടികളെയെല്ലാം യാത്രയിലേക്ക് ക്ഷണിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി നയിക്കുന്ന യാത്ര ഡിസംബര്‍ 28നാണ് ആരംഭിക്കുന്നത്. 55 ദിവസം നീണ്ടുനില്‍ക്കുന്നതാണ് യാത്ര.