പത്തനംതിട്ട: പട്ടാഴിമുക്കിലെ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിനുള്ളിൽ അനുജയ്ക്ക് മർദ്ദനമേൽക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി വെളിപ്പെടുത്തി. അമിതവേഗത്തിലായിരുന്ന കാര്‍ പലവട്ടം വലത്തേക്ക് പാളിയെന്നും ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്നും ദൃക്സാക്ഷിയുടെ മൊഴിയില്‍ പറയുന്നുഅപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കര്‍ പറഞ്ഞു. ആലയിൽപ്പടിയിൽ നില്‍ക്കുമ്പോള്‍ കാർ കടന്നു പോകുന്നത് കണ്ടിരുന്നു. ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നു. കാലുകള്‍ ഡോറിന് പുറത്തേക്ക് ഇട്ട നിലയില്‍ കണ്ടിരുന്നുവെന്നും അകത്ത് മൽപ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും ശങ്കര്‍ പറഞ്ഞു.സുഹൃത്തും താനും കൂടി കൊല്ലത്ത് പോയി തിരിച്ചുവരുകയായിരുന്നു. രാത്രി പത്തോടെ ഞങ്ങള്‍ കാറില്‍ പോകുന്നതിനിടെ മുന്നില്‍ പോയ കാര്‍ ശ്രദ്ധിച്ചിരുന്നു. സ്കൂളിന് സമീപത്തെ ഡോര്‍ തുറന്നുകൊണ്ട് കാര്‍ നിര്‍ത്തിയതും കണ്ടിരുന്നു. അമിത വേഗതയില്‍ പോയ കാര്‍ രണ്ടു തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു.ഇതോടൊപ്പമാണ് മുന്നിലെ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നത്. മദ്യപിച്ച് വാഹനമോടിച്ചതോ മറ്റോ ആയിരിക്കാമെന്നാണ് അപ്പോള്‍ കരുതിയത്. അതിനാലാണ് പൊലീസിനെ അറിയിക്കാതിരുന്നത്. ഡ്രൈവര്‍ ചെയ്യുന്നയാളുടെ നിയന്ത്രണത്തിലായിരുന്നില്ല വാഹനമെന്ന് വ്യക്തമായിരുന്നു. രാവിലെ അപകടത്തില്‍ പെട്ട കാറിന്‍റെ ദൃശ്യം കണ്ടാണ് രാത്രിയില്‍ കണ്ട കാറാണെന്ന് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.അതേസമയം, അനുജയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഹാഷിമിനെ യാതൊരു പരിചയവുമില്ലെന്നും ഹാഷിമിന്‍റെ കുടുംബത്തിന് അനുജയെ അറിയില്ലെന്നും പൊലീസ് പറയുന്നു. ഇരുവരും വിവാഹിതരാണ്. ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം വലിച്ചിറക്കുകയായിരുന്നു. സഹോദരനാണെന്നാണ് അനുജ സഹപ്രവര്‍ത്തകരായ അധ്യാപകരോട് പറഞ്ഞത്. ആദ്യം ഇറങ്ങി ചെന്നില്ലെങ്കിലും വാഹനത്തിലേക്ക് കയറി ആക്രോശിച്ചതോടെ അനുജ ഒപ്പം പോകുകയായിരുന്നുവെന്നും ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പൊലീസില്‍ മൊഴി നല്‍കി. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞതായും സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. നൂറനാട് സ്വദേശിയായ അനുജ തുമ്പമണ്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപിക ആയിരുന്നു.