ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇഡിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെജ്‌രിവാളിനെ ഇന്ന് ഇഡി റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. അതേസമയം കോടതിയിൽ ഇന്ന് വലിയ വെളിപ്പെടുത്താൽ നടത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സുനിതയ്ക്കുള്ള കത്തിൽ അരവിന്ദ് കെജ്‌രിവാൾ അറിയിച്ചത്.കെജ്‌രിവാളിന്റെ ജാമ്യ അപേക്ഷയും ഇന്ന് കോടതിയുടെ പരിഗണിക്കു വരും. കസ്റ്റഡി നീട്ടി നൽകണമെന്ന് ആവശ്യപ്പെടാനാണ് ഇ ഡിയുടെ തീരുമാനം. കെജ്‌രിവാളിനെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐയും ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. ഇഡിയുടെ അറസ്റ്റും, കസ്റ്റഡിയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ, ഡൽഹി ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കെജ്‌രിവാളിന് അടിയന്തര ആശ്വാസം ലഭിച്ചിട്ടില്ല. ഹർജിയിൽ മറുപടി നൽകാൻ ഇഡി ക്ക് ഏപ്രിൽ രണ്ടുവരെ സമയം നൽകിയ കോടതി ഏപ്രിൽ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമായി തുടരാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.ഇതിനിടെ, അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ അമേരിക്കയുടെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചു വരുത്തി. യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെയാണ് വിളിച്ചുവരുത്തിയത്