വയനാട്: വയനാട് മേപ്പാടിയിൽ ഇന്നലെ വീണ്ടും പുലിയിറങ്ങി. ഇന്നലെ രാത്രി പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ എത്തിയ പുലി അഞ്ച് മുട്ടക്കോഴികളെ പിടിച്ചു. രാത്രി പത്തുമണിയോടെയാണ് രാജൻ്റെ വീട്ടില്‍ പുലിയെത്തിയത്.പുഞ്ചിരിമറ്റത്ത് നിരവധി തവണ പുലിയുടെ ആക്രമണം നടന്നിട്ടുണ്ട്. പുലിയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.അതേസമയം, വന്യജീവി അക്രമണങ്ങളുടെ വയനാട്ടിൽ പ്രതിഷേധം ശക്തമാവുകയാണ്. മുഖ്യമന്ത്രി നേരിട്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സർവകക്ഷി യോഗം ബഹിഷ്കരിച്ചു. മന്ത്രിമാരുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടന്ന സർവകക്ഷി യോഗമാണ് എംഎൽഎമാരായ ടി.സിദ്ദിഖ്. ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബഹിഷ്കരിച്ചത്. ശശീന്ദ്രൻ രാജിവയ്ക്കുക എന്ന മുദ്രാവാക്യം വിളിച്ച് പുറത്തുപോയതിന് ശേഷം മാധ്യമങ്ങളെ കണ്ടു. മുഖ്യമന്ത്രി ജില്ലയിൽ നേരിട്ടത്തി സർവകക്ഷി യോഗം വിളിക്കണമെന്ന് എംഎൽഎമാർ പറഞ്ഞു.‘‘നിയമസഭയിൽ തങ്ങളെക്കുറിച്ചു ലജ്ജ തോന്നുന്നു. മന്ത്രിക്കൊപ്പം ഇരുന്ന് ചർച്ച നടത്തിനാകില്ല. ഇതിനു മുൻപ് നിരവധി തവണ ചർച്ച നടത്തി. വീണ്ടും ചർച്ച നടത്തി ചായ കുടിച്ചു തിരിച്ചു പോകാനില്ല. വനംമന്ത്രി ഇത്രയും കാലമായിട്ടും തിരിഞ്ഞു നോക്കിയില്ല. ഒറ്റയ്ക്ക് വരാൻ പേടിയായതുകൊണ്ടാണു മറ്റ് മന്ത്രിമാരെ കൂട്ടി വന്നത്. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരും’’– എംഎൽഎമാർ പറഞ്ഞു.വന്യമൃഗ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണു മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി സംഘം സർവകക്ഷി യോഗം വിളിച്ചത്.