കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനം. വന സംരക്ഷണസമിതി ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവർത്തിക്കില്ല.അതേസമയം, കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിൻ്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിലായി. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റുചെയ്തതത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസ് എടുത്തിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.