മാനന്തവാടി: വയനാട്ടിൽ ഇറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ഇന്നത്തെ ദൗത്യം അവസനിച്ചു. മൂന്നു ദിവസമായി ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. രാവിലെ കാട്ടിക്കുളം ഇരുമ്പുപാലത്തിന് അടുത്തെത്തിയ ആനയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം കാട്ടിൽ പ്രവേശിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ഇതോടെ കാടിറങ്ങിയ ദൗത്യസംഘത്തെ നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞിരുന്നു.ചെരിഞ്ഞതും അടിക്കാട് നിറഞ്ഞതുമായ സ്ഥലത്തായിരുന്നു ആന നിലയുറപ്പിച്ചത്. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ ആന അടിക്കാടിനുള്ളിലേക്കു കയറുന്നതു ദൗത്യസംഘത്തിന് വെല്ലുവിളിയായി. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 200 പേരടങ്ങുന്നതാണ് ദൗത്യസംഘം. നാല് കുങ്കിയാനകളും ഉണ്ട്.ശനിയാഴ്ച അജീഷിനെ ആന ചവിട്ടിക്കൊന്ന പടമലയിൽ ഇന്ന് പുലർച്ചെയും ആനയെത്തിയിരുന്നു. അഞ്ചരയോടെ എത്തിയ ആന കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ബേലൂർ മഖ്ന എന്ന കാട്ടാന കർഷകനായ അജീഷിനെ വീട്ടുമുറ്റത്തിട്ട് ചവിട്ടിക്കൊന്നതു ശനിയാഴ്ചയാണ്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചു.ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം മൂന്നാം ദിവസമായിട്ടും വിജയിപ്പിക്കാനായില്ല. മറ്റ് ആനകളിൽ നിന്ന് വ്യത്യസ്തനായ മോഴയാനയായതാണ് ദൗത്യം സങ്കീർണമാക്കുന്നത്. മയക്കുവെടി വച്ചാൽ തിരിച്ച് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മയങ്ങാനെടുക്കുന്ന അര മണിക്കൂറോളം സമയം ആന ഓടാനും സാധ്യതയുണ്ട്. ഇങ്ങനെ ഓടിയാൽ ആന ആക്രമിക്കാൻ സാധ്യത കൂടുതലാണ്. ഇപ്പോൾ ആന നിൽക്കുന്ന സ്ഥലത്തിനു സമീപത്തായി നിരവധി വീടുകളുള്ളതും ദൗത്യം ദുഷ്കരമാക്കുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!