തിരുവനന്തപുരം: ഭൂനികുതി പിഴപ്പലിശ ഇല്ലാതെ ഈ വർഷം മാർച്ച് 31 വരെ അടയ്ക്കാമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട ഭൂനികുതി സംബന്ധിച്ചാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവ്. പരമാവധി പേർ വസ്തുനികുതി കുടിശിക അടച്ചുതീർക്കുന്നതിന് ഈ ഇളവ് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് ഇത് പ്രയോജനപ്പെടും. ഇതിനകം തന്നെ വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവർക്ക്, അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു. ഈ വർഷത്തെ മാത്രമല്ല, മുൻവർഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാവും. വർഷങ്ങളായി നികുതി അടയ്ക്കാതെ വലിയ തുക കുടിശിക വരുത്തിയവരുണ്ട്. ഇത്തരക്കാർക്കും ഈ സൌകര്യം പ്രയോജനകരമാണ്. നികുതി കുടിശിക പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാകുന്ന ഈ സൗകര്യം പരമാവധി പേർ ഉപയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ആറ് മാസത്തിലൊരിക്കലാണ് നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി അടയ്ക്കേണ്ടത്. നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയില്ലെങ്കിൽ മാസം 2ശതമാനം എന്ന നിരക്കിൽ പിഴപ്പലിശ ചുമത്തുന്നു. ഈ തുകയാണ് സർക്കാർ ഇളവ് നൽകിയിരിക്കുന്നത്. വസ്തുനികുതി പരിഷ്കരണം നടപ്പിലാക്കിയ വർഷം എന്ന നിലയിലും ഇളവ് അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 2023-24 വർഷത്തെ വസ്തുനികുതി ഡിമാൻഡ് 2636.58 കോടി രൂപയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!