കൊച്ചി: ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവിന്റെ സന്തോഷത്തിനു വേണ്ടി ഒരു ഭാര്യയും ശാരീരീകവും മാനസികവുമായ ആരോഗ്യവും സ്വന്തം സുരക്ഷയും ത്യജിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. വിവാഹ മോചന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിഗമനം. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും ജി.ഗിരീഷും ആണ് വിഷയം ചൂണ്ടിക്കാട്ടിയത്. ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട കാര്യം ഇല്ലെന്നും ഹൈക്കോടതി.ഭാര്യയുടെ ക്രൂരതകൾ സഹിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു. 1994ലാണ് ഇരുവരും വിവാഹിതരായത്. 1997ൽ ഇരുവർക്കും ആൺകുട്ടിയുണ്ടായി. എന്നാൽ വിവാഹം കഴിഞ്ഞു വൈകാതെ കാരണമില്ലാതെ ഭാര്യ തന്നെ അവഹേളിക്കാന്‍ ആരംഭിച്ചെന്നു ഭർത്താവ് പറയുന്നു. മാതാപിതാക്കളെ വിട്ടു മാറി താമസിക്കാൻ‍ നിർബന്ധിച്ചു. ഭാര്യയെന്ന നിലയിലുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ തയാറായില്ല. വഴക്കും കാര്യങ്ങളും കാരണം പലപ്പോഴും അയൽവാസികൾക്ക് ഇടപെടേണ്ടി വന്നു. ഭക്ഷണമുണ്ടാക്കാനോ വീട്ടുജോലികൾ ചെയ്യാനോ തയാറായില്ല. നിർബന്ധം സഹിക്ക വയ്യാതെ വാടക വീട്ടിലേക്കു മാറിയിട്ടും ഭാര്യയുടെ ഉപദ്രവം തുടർന്നതോടെ താൻ സ്വന്തം വീട്ടിലേക്കു തിരികെ പോയെന്നു ഭർത്താവ് പറയുന്നു. ഭാര്യ അവരുടെ പിതാവിനുംസഹോദരനുമൊപ്പം അവരുടെ വീട്ടിലേക്കു പോയതോടെ 2002ൽ ഭാര്യയുടെ ക്രൂരതകൾക്കെതിരെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ഭാര്യയും ഇതിനിടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗാർഹിക പീഡനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചു പരാതി നൽകി. ഭാര്യ ശ്രദ്ധിക്കാതായതോടെ മകന്റെ കാര്യങ്ങളും താൻ നോക്കി തുടങ്ങിയെന്നും വൈകാതെ വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചുവെന്നും ഭർത്താവ് പറയുന്നു.അതേസമയം, ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങൾക്ക് ഇരയാണ് താനെന്നാണ് ഭാര്യ പ്രതികരിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു നിരന്തരം ഉപദ്രവിച്ചു. മദ്യപാനിയായ ഭർത്താവ് നിരന്തരം ചീത്ത കൂട്ടുകെട്ടിലായിരുന്നു. മദ്യപിച്ചു വന്ന് അയൽക്കാരുമായി വഴക്കുണ്ടാക്കി. ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി ഗർഭഛിദ്രം നടത്തേണ്ടി വന്നു. നിരന്തരം വഴക്കിടുന്ന ഭർത്താവിന്റെ സ്വഭാവം കാരണമാണ് വീടുകൾ മാറേണ്ടി വന്നത്. ശാരീരിക ഉപദ്രവത്തിനു പുറമെ, ഭക്ഷണമോ വെള്ളമോ നൽകാതെ പട്ടിണിക്കിട്ടു. ഉപദ്രവം സഹിക്കവയ്യാതെയാണ് പൊലീസിൽ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയായാണു ഭർത്താവും പരാതി നൽകിയത്. മകനെ കാണാൻ ഭർത്താവും വീട്ടുകാരും അനുവദിച്ചില്ല എന്നും ഭാര്യ കുടുംബ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ദൈവം കൂട്ടിയോജിപ്പിച്ചത് വേർപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ വിവാഹ മോചനത്തിന് തയാറല്ലെന്നും ഭാര്യ വ്യക്തമാക്കി. ഭാര്യ പീഡിപ്പിക്കുകയാണെന്ന കാര്യങ്ങൾ തെളിയിക്കാൻ ഭർത്താവിനു സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബ കോടതി വിവാഹ മോചന ആവശ്യം തള്ളുകയും ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!