ന്യൂഡൽഹി: അയോധ്യയിലെ മുസ്ലിം പള്ളിയുടെ അടിസ്ഥാന ശില റംസാന് ശേഷം മക്കയിൽ നിന്നും തിരിച്ചെത്തിക്കും. ഒക്ടോബർ 12ന് അനാച്ഛാദനം ചെയ്ത ശില പ്രാർത്ഥനകൾക്കും പ്രത്യേക ചടങ്ങുകൾക്കുമായാണ് മക്കയിലേക്ക് കൊണ്ടുപോയത്. മക്കയിലെത്തിച്ച് സംസം വെള്ളത്തിൽ കഴുകി പ്രാർത്ഥനയ്ക്ക് ശേഷം മദീന ഷെരീഫിലേക്ക് കൊണ്ടുപോയ ശില റംസാന് ശേഷം അയോധ്യയിലേക്ക് തിരികെ എത്തിച്ചതിന് ശേഷമാകും മസ്ജിദിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രാൺ- പ്രതിഷ്ഠയ്ക്ക് തൊട്ടുപിന്നാലെയാണ് ക്ഷേത്ര നഗരത്തിന് സമീപ പ്രദേശത്ത് നിർദിഷ്ട മസ്ജിദിന്റെ അടിസ്ഥാന ശില തയ്യാറാക്കിയത്. മുംബയിലെ ചൂളയിൽ നിർമ്മിച്ചതാണ് ഈ ഇഷ്ടിക. രാമക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ അയോദ്ധ്യയിലെ ധനിപൂരിലാണ് പള്ളി ഉയരുക.മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നാണ് അറിയപ്പെടുക. മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുല്ല വികസന സമിതി ചെയർമാനും ഇൻഡോ- ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ഹാജി അർഫത്ത് ഷെയ്‌ഖാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. മസ്ജിദ് സമുച്ചയ പദ്ധതിയുടെ നടത്തിപ്പിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഐ.ഐ.സി.എഫ് രൂപീകരിച്ചു. ലോകത്തെ ഏറ്റവും വലിയ ഖുറാൻ പള്ളിയിൽ ഒരുക്കും. 21 അടി നീളവും തുറക്കുമ്പോൾ 18.18 അടി വീതിയുമുള്ളതായിരിക്കും ഖുറാൻ.