മലപ്പുറം: മലപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരൂർ ചീനക്കലിലാണ് സംഭവം. കൽപ്പാകംഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ പറമ്പിൽ നിന്ന് കാക്കകൾ നിർത്താതെ ശബ്ദം വച്ചപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് നോക്കിയപ്പോൾ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുകാർ വിവരം പഞ്ചായത്ത് മെമ്പറെ അറിയിക്കുകയും പിന്നീട് പൊലീസിൽ അറിയിക്കുകയുമായിരുന്നു.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ പ്രസവിച്ച ഉടനെ തന്നെ ഉപേക്ഷിച്ചതാണെന്നാണ് സംശയം. വീടിന് സമീപത്തെ മാലിന്യക്കുഴിക്കടുത്ത് തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ പറഞ്ഞു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു.