കാസര്‍കോട്: 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടി (36) ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വന്തം ബേക്കറിക്കകത്താണ് യുവാവ് തൂങ്ങി മരിച്ചത്. നാലുമാസം മുമ്പായിരുന്നു കേരള സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറി ഇയാൾക്ക് അടിച്ചത്. കാസര്‍കോട് ടൗൺ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.സ്ഥരം മദ്യപാനിയായിരുന്ന യുവാവ് ലോട്ടറി അടിച്ച ശേഷം കൂടുതൽ മദ്യപിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതേത്തുടര്‍ന്നുള്ള മാനസിക പ്രയാസമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസിന് ബന്ധുക്കൾ നൽകിയ മൊഴിയിൽ പറയുന്നു. മദ്യപാനം നിയന്ത്രിക്കുന്നതിനായി യുവാവ് ശബരിമല വ്രതം നോറ്റിരുന്നുവെന്നും മണ്ഡലകാലത്ത് അയ്യപ്പ ദര്‍ശനം നടത്തിയിരുന്നുവെന്നും വിവേകിന്റെ നാട്ടുകാരനായ അനിൽ പറഞ്ഞു. ഈ സമയത്ത് ഒട്ടും തന്നെ മദ്യപിച്ചിരുന്നില്ല. എന്നാൽ വ്രതം അവസാനിപ്പിച്ച ശേഷം വീണ്ടും മദ്യപിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.വിവേകിന്റെ ഭാര്യ ആരതി ഏഴ് മാസം ഗര്‍ഭിണിയാണ്. ദമ്പതികൾക്ക് ആൽവി എന്ന പേരായ മകനുമുണ്ട്. നാട്ടുകാര്‍ക്ക് ആര്‍ക്കും യാതൊരു ശല്യവുമുണ്ടാക്കാത്ത യുവാവായിരുന്നു വിവേക് എന്ന് കാസര്‍കോട് മുനിസിപ്പാലിറ്റി കൗൺസിലര്‍ വീണ പറഞ്ഞു. യുവാവിന് മദ്യപാനത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മറ്റ് പ്രയാസങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവര്‍ പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!