തൃശൂര്‍: സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ പ്രതികൾക്ക് പൊലീസ് കവചമൊരുക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി വരുന്ന വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചത്.മണിചെയിന്‍ മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം. അടുത്തത് എച്ച് ആര്‍ ക്രിപ്റ്റോ കൊയിന്‍, ആരുടെയും അനുമിയില്ലാതെ രണ്ട് ഡോളര്‍ വിലയിട്ട് ഒരു കോടി ക്രിപ്റ്റോ കൊയിനിറക്കി. ബിറ്റ് കൊയിന്‍ പോലെ പലമടങ്ങ് ഇരട്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഏറ്റവും ഒടുവില്‍ ഒടിടി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടാണ് പുറത്തിറക്കിയത്. ഇതും ആര്‍ബിഐയുടെ അനുമതിയില്ലാതെയായിരുന്നു. പത്തിരട്ടി വരെ ലാഭവും നിക്ഷേപത്തുകയും മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം.