തിരുവനന്തപുരം: സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വാഹനങ്ങളുടെയും ആർ.സി ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺനമ്പർ കൃത്യമല്ലെന്ന് റിപ്പോർട്ട്. വാഹന രേഖകളിൽ നൽകിയിരിക്കുന്ന 60 ശതമാത്തോളം മൈബൈൽ നമ്പറുകളും കൃത്യമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഫോൺനമ്പർ ബന്ധിപ്പിക്കാത്തതും ചിലരുടെ നമ്പർ തെറ്റിനൽകിയിരിക്കുന്നതുമാണ് വില്ലനാകുന്നത്.അതേസമയം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കൃത്യമായ ഫോൺനമ്പരില്ലാത്തത് വാഹന ഉടമകൾക്ക് തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവിൽ കോടതി കയറേണ്ടിവരും. എ.ഐ. ക്യാമറകളും ഇന്റർസെപ്റ്റർ വാഹനങ്ങളും കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഇ-ചലാൻ മുഖാന്തരമുള്ള പിഴയുടെ സന്ദേശം ഇതോടെ, ഉടമയ്ക്ക് കിട്ടാതെപോകുന്നു. മോട്ടോർവാഹനവകുപ്പിന്റെ സേവനങ്ങൾക്കായി പോകുമ്പോഴായിരിക്കും പിഴചുമത്തിയെന്നത് ഉടമകൾ അറിയുന്നത്.പിഴചുമത്തിയാൽ മൂന്നുമാസക്കാലമാണ് ഓൺലൈനായി പിഴയടയ്ക്കാവുന്നത്. അതിനുശേഷം കേസുകൾക്ക് ഓൺലൈനായി തീർപ്പുകല്പിക്കുന്ന വെർച്വൽ കോടതിയിലേക്ക് കേസ് മാറ്റും. പിന്നെ കോടതിനടപടി കഴിഞ്ഞേ പിഴ തീർക്കാനാകൂ. വാഹനം വിൽക്കുക, ഈടുനൽകി വായ്പയെടുക്കാൻ ശ്രമിക്കുക, കാലാവധികഴിഞ്ഞ് ടെസ്റ്റിന് കൊണ്ടുപോകുക, മോട്ടോർവാഹനവകുപ്പിൽ മറ്റു സേവനങ്ങൾക്കായി സമീപിക്കുക തുടങ്ങിയ അവസരങ്ങളിലാണ് ഉടമ വെട്ടിലാകുന്നത്.അപ്പോഴേക്കും ഓൺലൈനിൽ പിഴയടയ്ക്കാനുള്ള സമയം കഴിഞ്ഞിരിക്കും. പിന്നീട് കോടതിനടപടി പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ. പഴയവാഹനങ്ങളിലാണ് ഈ പ്രശ്‌നം കൂടുതലുള്ളത്. പുതിയവാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾതന്നെ നമ്പർ ബന്ധിപ്പിക്കുന്നുണ്ട്.നിയമലംഘനത്തിനുള്ള ചലാൻ അയക്കാൻ മോട്ടോർവാഹനവകുപ്പിൽനിന്ന് കാലതാമസം വരുത്തുന്നതും ഉടമകൾക്ക് പ്രശ്‌നമാകുന്നുണ്ട്. മൂന്നുമാസം പൂർത്തിയായശേഷം ചലാൻ ലഭിച്ചാൽ വെർച്വൽ കോടതിവഴി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരുന്നതായും പരാതികളുണ്ട്. 2023 ജൂൺമുതൽ ഒക്ടോബർവരെ 74.32 ലക്ഷം നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും 21.03 ലക്ഷത്തിനുമാത്രമാണ് ചലാൻ തയ്യാറാക്കിയിട്ടുള്ളത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!