കാസര്‍കോട്: ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് കടയിൽ കയറി ചോക്ലേറ്റ് കവർന്ന് യുവാക്കൾ. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊണാര്‍ക് എന്‍റര്‍പ്രൈസസിലാണ് മോഷണം നടന്നത്. അര ലക്ഷത്തോളം രൂപയുടെ ചോക്ലേറ്റുകളാണ് ഇവർ കവർന്നത്. പുലര്‍ച്ചെയാണ് അബ്ദുല് ഖയ്യൂമിന്‍റെ ഉടമസ്ഥതയിലുള്ള കടയിൽ മൂന്ന് യുവാക്കൾ കയറി 2,430 രൂപയുടെ ചോക്ലേറ്റും മേശയിലുണ്ടായിരുന്ന 1680 രൂപയും മോഷ്ടിച്ചത്.മോഷണ ദൃശ്യങ്ങള്‍ സമീപത്തുള്ള തുണിക്കടയിലെ സിസിടിവിയിലാണ് പതിഞ്ഞത്. 20 വയസിന് താഴെ പ്രായമുള്ള മൂന്ന് പേരാണ് മോഷണത്തിന് പിന്നില്‍. നീല ജീന്‍സും ഇളം നിറത്തിലുള്ള ഷർട്ടും ധരിച്ച യുവാവ് റോഡില്‍ നിന്ന് നിരീക്ഷിക്കുന്നതും മറ്റ് രണ്ട് പേര്‍ ഷട്ടറിന്‍റെ പൂട്ട് തകര്‍ക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സമീപത്തെ ട്രാന്‍സ്ഫോര്‍മറിന്‍റെ മറവ് ഉള്ളതിനാല്‍ പൂട്ട് തകര‍്ക്കുന്നവരുടെ മുഖം വ്യക്തമായിട്ടില്ല. മുഖം മറയ്ക്കാതെ കവര്‍ച്ചക്കെത്തിയ ‘ചോക്ലേറ്റ്’ പയ്യന്മാരെ പിടിക്കാനുള്ള ശ്രമത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്. മറ്റ് സ്ഥലങ്ങളിലെ സിസിടിവികളില്‍ നിന്ന് ഇവരുടെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പൊലീസ്.