കോഴിക്കോട്: എലത്തൂരിൽ കനോലി കനാലിലേക്ക് ഓടുന്ന സ്കൂട്ടർ വീണു യാത്രികന് ദാരുണാന്ത്യം. കക്കോടി സ്വദേശി ആര്‍. രജനീഷ്(52) ആണ് മരിച്ചത്. പൊലിസ് പിന്തുടരുന്നത് കണ്ട് അമിതവേഗത്തില്‍ പോയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കി. സംഭവത്തിൽ രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു.പുതിയങ്ങാടിയില്‍ നിന്ന് അമിത വേഗതയില്‍ എത്തിയ രജനീഷ് എടക്കാട് ജംങ്ഷനില്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചതിന് പിന്നാലെ കനോലി കാനാലിലേയ്ക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ സഹിതം 10 മീറ്റര്‍ ആഴത്തിലേയ്ക്ക് വീഴുകയായിരുന്നു. പൊലിസും അഗ്നിരക്ഷാസേനയും ഉടന്‍ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലിസ് പിന്തുടരുന്നത് കണ്ട് അമിതവേഗതയില്‍ പോയതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശത്തെ തട്ടുകട തൊഴിലാളികള്‍ പറഞ്ഞു. ടൗണ്‍ സബ് ഡിവിഷന്‍റെ പട്രോളിങ് ചുമതലയുള്ള വെള്ളയില്‍ പൊലിസിന്‍റെ വാഹനമാണ് പിന്തുടര്‍ന്നത് എന്ന് അത് വഴി യാത്ര ചെയ്ത കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകനും മൊഴി നല്‍കി. ഇതിനെതുടര്‍ന്ന് രഹസ്യാന്വേഷണവിഭാഗം അന്വേഷണം ആരംഭിച്ചു. മേഖലയിലെ മൂന്ന് നിരീക്ഷണ ക്യാമറകള്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധിച്ചു. മല്‍സ്യവ്യാപാരിയാണ് മരിച്ച രജനീഷ്.