കോട്ടയം: ശബരിമല തീർഥാടകരുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. തമിഴ്നാട് മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മുണ്ടക്കയം – കോരുത്തോട് പാതയിൽ കോസടിയിൽ വച്ചായിരുന്നു അപകടം.മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന 10 തീർഥാടകർക്കും പരിക്കുണ്ട്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.