കോഴിക്കോട്: ഹൈസ്കൂൾ വിദ്യാർത്ഥികൾ തമ്മിലടിച്ചത് കേട്ടാലറയ്ക്കുന്ന തെറിവിളികളുടെ അകമ്പടിയോടെ. താമരശ്ശേരി വോക്കേഷണൽ ഹയർ സെക്കൻറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ഏറ്റുമുട്ടിയത്. സ്കൂളിനുള്ളിൽ ആരംഭിച്ച ചെറിയ സംഘർഷം സ്കൂളിന് സമീപത്തെ വയലിലും, റോഡിലുമെല്ലാം കൂട്ടത്തല്ലായി പരിണമിക്കുകയായിരുന്നു.സംഘർഷത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റതായി സമീപവാസികൾ പറയുന്നു. ഇവരാണ് സംഘർഷത്തിൻറെ ദൃശ്യങ്ങൾ പകർത്തിയത്. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകൾ പറഞ്ഞാണ് വിദ്യാർത്ഥികൾ പരസ്യമായി തമ്മിലടിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് വിദ്യാർത്ഥികളെ പിടിച്ച് മാറ്റിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.