ഡൽഹി: സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതിനു ഹൈക്കോടതികൾക്കു സുപ്രീം കോടതി മാർഗനിർദേശങ്ങൾ നൽകി. അനിവാര്യ ഘട്ടങ്ങളിലേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താവൂ എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. തെളിവു ശേഖരണത്തിനോ കോടതി വിധികൾ നടപ്പാക്കുന്നതിന് ആവശ്യമെങ്കിലോ വിളിച്ചു വരുത്താം. ഉദ്യോഗസ്ഥർക്ക് ആദ്യ തവണ ഓൺലൈൻ വഴി ഹാജരാകുന്നതിനുള്ള സൗകര്യം നല്കണം.സത്യവാങ്മൂലത്തിലൂടെയോ മറ്റു രേഖകളിലൂടെയോ കേസ് സംബന്ധമായ വിശദാംശങ്ങൾ ലഭ്യമെങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ചു വരുത്തുന്നത് ഒഴിവാക്കണം.കേസ് സംബന്ധമായ പൂർണ വിവരങ്ങൾ ലഭ്യമല്ലെങ്കിലോ, വിവരം നൽകുന്നതിൽ വിമുഖത കാണിക്കുകയോ മറച്ചു വയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരെ കോടതിക്കു വിളിച്ചു വരുത്താം.കോടതിയുടെ വീക്ഷണത്തിനു വിപരീതമാണ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തരുത്.പ്രത്യേക സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കു വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാകാൻ അവസരം നൽകണം.വിഡിയോ കോൺഫറൻസിങ്ങിന്റെ ലിങ്ക് ഉദ്യോഗസ്ഥർക്ക് ഇമെയിലായോ, എസ്എംസ്, വാട്സാപ് ആയോ ഹൈക്കോടതി റജിസ്ട്രി അയച്ചു കൊടുക്കണം.എന്തു കൊണ്ടാണു കോടതിയിലേക്കു വിളിച്ചു വരുത്തിയതെന്നതിന്റെ കാരണം ഉദ്യോഗസ്ഥരെ കൃത്യമായി അറിയിക്കണം.വേണ്ടത്ര തയാറെടുപ്പുകളോടെ കോടതിയിലെത്തുന്നതിന് ഉദ്യോഗസ്ഥർക്കു മുൻകൂട്ടി നോട്ടിസ് നൽകണം.കോടതിയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥർ വിചാരണസമയം മുഴുവൻ നിൽക്കാൻ ഇടവരരുത്. അവരുടെ ഭാഗം കേൾക്കുമ്പോൾ മാത്രം എഴുന്നേറ്റു നിന്നാൽ മതി.വിചാരണയ്ക്കിടെ ഉദ്യോഗസ്ഥർക്കു മാനസിക വിഷമമുണ്ടാകുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടാകരുത്.കോടതിയിൽ ഹാജരായിരിക്കുന്ന ഉദ്യോഗസ്ഥന്റെ രൂപഭാവമോ വിദ്യാഭ്യാസ പശ്ചാത്തലമോ സാമൂഹിക പശ്ചാത്തലമോ ചോദ്യം ചെയ്യരുത്.ഉദ്യോഗസ്ഥരുടെ വസ്ത്രധാരണത്തെക്കുറിച്ചു പരാമർശിക്കരുത്. (ഒരു ഓഫിസ് അന്തരീക്ഷത്തിന് ചേർന്ന വസ്ത്ര ധാരണമായിരിക്കണം.)കോടതി ബഹുമാനത്തിന്റെയും പ്രഫഷനലിസത്തിന്റെയും ഒരന്തരീക്ഷം വളർത്തിയെടുക്കണം.കോടതി നിർദേശങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടാൽ താക്കീത് നൽകാം.ബോധപൂർവമുള്ള കോടതിയലക്ഷ്യങ്ങൾക്ക് നോട്ടിസ് നൽകി വിശദീകരണം ആരായണം. നിശ്ചിത സമയത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ സമയം നീട്ടി നൽകുന്ന കാര്യം പരിഗണിക്കണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!