മലപ്പുറം: മലപ്പുറത്ത് ഓടുന്ന സ്കൂട്ടറിൽ തീപിടിത്തം. പാണ്ടിക്കാട് കുപ്പൂത്ത് പുലിയകോട്ടുമണ്ണിൽ അനീഷ് (36) ഓടിച്ച ഹോണ്ട ഡിയോ സ്കൂട്ടറാണ് കത്തിനശിച്ചത്. സ്കൂട്ടറിന് മിസ്സിംഗ് അനുഭവപ്പെട്ടത് അനീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വാഹനം ചൂടായി പുകയും ഉയർന്നു. ഇതോടെ അനീഷ് സ്കൂട്ടറിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു.റോഡിൽ നിന്നും വാഹനം തള്ളി അടുത്തുള്ള വഴിയിലേക്ക് മാറ്റി. സെക്കന്റുകൾക്കുള്ളിൽ തന്നെ സ്കൂട്ടർ മുഴുവനും തീ ആളിപടർന്നു. മലപ്പുറം യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും സ്കൂട്ടർ പൂർണമായും കത്തിനിശിച്ചിരുന്നു. അരമണിക്കൂറോളം സ്‌കൂട്ടർ റോഡിൽ നിന്ന് കത്തി. അതേസമയം സംഭവം നടന്ന് 200 മീറ്റർ അകലെ ഫയർ ഫോഴ്സ് യൂണിറ്റ് ഉണ്ടായിട്ടും എത്താൻ വൈകിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.ഫയർ ഫോഴ്സിനെ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാണ്ടിക്കാട് സ്വദേശിയായ അനീഷ് മലപ്പുറം മുണ്ടുപറമ്പിലേക്ക് വന്നതായിരുന്നു. തിരിച്ചു പോകുന്നതിനിടെയാണ് സംഭവം. 2017 മോഡൽ ഹോണ്ട ഡിയോ സ്കൂട്ടറാണ് കത്തിയത്. അനീഷ് 2017ൽ പുതിയതായി വാങ്ങിയതായിരുന്നു സ്കൂട്ടർ. കഴിഞ്ഞ ദിവസം എൻജിൻ ഓയൽ മാറ്റിയിരുന്നതായി അനീഷ് പറഞ്ഞു. സ്കൂട്ടറിന് ഇതുവരെ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അനീഷ് പറയുന്നു. വിവരമറിഞ്ഞ് മലപ്പുറം കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തിയിരുന്നു.