ബാലരാമപുരം: ആഡംബര ബൈക്കുകള്‍ മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കന്യാകുമാരി ജില്ലയില്‍ സ്വാമിയാര്‍ മഠം കാട്ടാതുറെ കല്ലാട്ടുവിള വീട്ടില്‍ സാമുവല്‍ രാജ് (18) നെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയുമാണ് ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തത്. ബാലരാമപുരം പ്ലാവിള വീട്ടില്‍ പ്രവീണിന്റെയും വിജിത്തിന്റെയും ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ സ്വാമിയാര്‍ മഠം സ്വദേശികളാണെന്ന് തിരിച്ചറിയുകയും തുടര്‍ന്ന് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളുടെ വീട്ടില്‍ നിന്നും രണ്ടു ബൈക്കുകളും പോലീസ് കണ്ടെത്തിട്ടുണ്ട്. മോഷണ ബൈക്കുകള്‍ പൊളിച്ച് വില്‍പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതിനാണ് മോഷണം നടത്തുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.എസ്.എച്ച്.ഒ വിജയകുമാര്‍, എസ്.ഐ ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഒന്നാം പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.